അമേരിക്കയിലെ സൗദി അംബാസഡറും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗവുമായ അമീറ​ റീമ ബിൻത് ബന്ദർ അന്താരാഷ്​ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നു, 

ഒളിമ്പിക്​സിലെ ലിംഗസ്വത്വ വിവാദം; അൽജീരിയൻ ബോക്​സിങ്​ താരത്തെ​ പിന്തുണച്ച്​ സൗദി ഒളിമ്പിക്​ കമ്മിറ്റിയംഗം

റിയാദ്​: ലിംഗസ്വത്വ വിവാദത്തിൽപ്പെട്ട അൾജീരിയൻ ബോക്‌സിങ്​ താരം ഇമാൻ ഖലീഫിന് പിന്തുണയുമായി അമേരിക്കയിലെ സൗദി അംബാസഡറും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗവുമായ അമീറ​ റീമ ബിൻത് ബന്ദർ. 2024 പാരീസ്​ ഒളിമ്പിക്​സിൽ സ്വർണം നേടിയ ഇമാൻ ഖലീഫ്​ ട്രാൻസ്​ജൻഡറാണെന്നും സ്​ത്രീകളുടെ വിഭാഗത്തിൽ മത്സരിപ്പിക്കരുതെന്നും പറഞ്ഞ്​ വിവിധ കോണുകളിൽനിന്ന്​ വിവാദമുയർത്താൻ ശ്രമമുണ്ടായിരുന്നു. ഒളിമ്പിക്​സ്​ കമ്മിറ്റിയുടെ 142ാമത് സമ്മേളനത്തിലാണ്​ അമീറ​ റീമ ബിൻത്​ ബന്ദർ ഈ വിവാദങ്ങൾക്കെതിരെ ഇമാൻ ഖലീഫിന്​ ശക്തമായ പിന്തുണയുമായെത്തിയത്​.

ഇമാൻ ഖലീഫുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെക്കുറിച്ച് എനിക്ക്​ മിണ്ടാതിരിക്കാനാവില്ലെന്ന്​ അന്താരാഷ്​ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സമാപന സമ്മേളനത്തിൽ റീമ ബിൻത്​ ബന്ദർ പറഞ്ഞു. പാരീസ് 2024 ഒളിമ്പിക്‌സി​െൻറ പശ്ചാത്തലത്തിൽ ആഗസ്​റ്റ്​ ഒന്നിന്​ അന്താരാഷ്​ട്ര ഒളിമ്പിക് കമ്മിറ്റിയും ബോക്‌സിങ്​ ഫെഡറേഷനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ​ പൂർണമായും പിന്തുണക്കുന്നു. ഇവിടെ വസ്തുതകൾ വ്യക്തമാണ്. ഇമാൻ ഖലീഫ് ഒരു പെൺകുട്ടിയായി ജനിച്ചു. ജീവിതകാലം മുഴുവൻ ഒരു സ്ത്രീയായി ജീവിച്ചു. ഇക്കാര്യമാണ്​ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്​. ഈ വസ്തുതകൾ ഉണ്ടായിരുന്നിട്ടും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നു. നിർഭാഗ്യവശാൽ അത്​ അസ്വീകാര്യമാണെന്ന് മാത്രമല്ല, സങ്കടകരമാണെന്നും റീമ പറഞ്ഞു.

അൽജീരിയൻ ബോക്​സിങ്​ താരം ഇമാൻ ഖലീഫ്​

അൾജീരിയയിലെ നല്ലൊരു കുടുംബത്തിലെ മകളായാണ്​ ഇമാൻ ഖലിഫി​​െൻറ ജനനം. ലോകത്തിന് മുന്നിൽ മത്സരിച്ച് ഒരു ഒളിമ്പിക് അത്‌ലറ്റാകാൻ അവൾ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അറിയപ്പെടുന്നതുപോലെ അവൾ സ്വീകരിച്ച പാതക്ക്​ വളരെയധികം നിശ്ചയദാർഢ്യവും ഉത്സാഹവും സ്ഥിരോത്സാഹവും ആവശ്യമാണ്. ഒളിമ്പ്യന്മാർക്ക്​ വേണ്ട മികച്ച സ്വഭാവവും കഴിവും ​ശേഷിയും അവർക്കുണ്ട്​. ഒളിമ്പിക് ഗെയിംസി​െൻറ സൗന്ദര്യവും അവൾ തെരഞ്ഞെടുത്ത മാർഗത്തിലുണ്ട്​. ഇമാ​െൻറ സ്ത്രീത്വത്തെ സംശയിക്കാൻ ആർക്കും അവകാശമില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവളുടെ അന്തസും അവകാശവും കവർന്നെടുക്കാനുള്ള ശ്രമമാണ്. അതിനാൽ ഈ വിഷയം തുടരാൻ അനുവദിക്കാനാവില്ലെന്ന് ശക്തമായ ഭാഷയിൽ പറയാനാണ്​ ഞാൻ ഇന്ന് ഈ കമ്മിറ്റിക്ക് മുന്നിൽ നിൽക്കുന്നത്​. ഒളിമ്പിക് അത്‌ലറ്റുകൾ ഉന്നതരാണ്. അവർ മികച്ചവരാകാനുള്ള പരിശീലനത്തിലാണ്. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് നമുക്കെല്ലാവർക്കും ഒരു പരാജയമാണ്. പക്ഷേ ഈ ചർച്ച എന്നത്തേക്കാളും പ്രധാനമായി മാറിയെന്നും​ റീമ വ്യക്തമാക്കി.

2024 ഒളിമ്പിക്​സിൽ 66 കിലോഗ്രാമിൽ താഴെയുള്ള വനിതാ ബോക്‌സിങ്ങിൽ ചൈനീസ് താരം ലു യാങ്ങിനെ പരാജയപ്പെടുത്തിയാണ് ഇമാൻ ഖലീഫ്​ സ്വർണം നേടിയത്. ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ താരം ആജ്ഞല കാരിനിക്കെതിരായ വിജയത്തിന് ശേഷം ഇമാൻ ഖലീഫ​ക്കെതിരെ ലിംഗസ്വത്വം ഉയർത്തി ​സൈബർ ആക്രമം തുടങ്ങിയത്​. മത്സരിക്കാനുള്ള അവരുടെ യോഗ്യതയെ ചിലർ ചോദ്യം ചെയ്​തു. വിവാദം ചൂടുപിടിക്കുകയും മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്​തു. സൈബർ ആക്രമണത്തിന് ഇരയായെന്ന് ആരോപിച്ച് ഇമാൻ ഖലീഫ്​ നിയമപരമായ പരാതി നൽകിയതായി അഭിഭാഷകൻ ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു​.

കുട്ടിക്കാലത്ത് ഉപജീവനത്തിന്​ ബ്രെഡ് കച്ചവടം നടത്തിയിട്ടുണ്ട്​. കരിയറിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടു. അങ്ങനെയെല്ലാം ദുഷ്​കരമായ പാതയിലൂടെ സഞ്ചരിച്ച്​ വളർന്നുവന്ന ബോക്​സിങ്​ താരമാണ് ​ഇമാൻ ഖലീഫ്. ബോക്‌സിങ്​ പരിശീലനം ലഭിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനുള്ള പണത്തിന്​ വേണ്ടി ബ്രെഡ് വിൽനയിൽ ഏർപ്പെട്ടു. ഒരുപാട്​ പ്രയാസപ്പെട്ടാണ്​ ഒടുവിൽ ബോക്​സിങ്​ സ്വർണ മെഡൽ ജേതാവായി മാറിയതെന്ന്​ ഇമാൻ ഖലീഫ്​ തന്നെ പറഞ്ഞിട്ടുണ്ട്​.

രണ്ട് പതിറ്റാണ്ടുകൾ നീണ്ട ശ്രമങ്ങൾക്കും പരിശീലനങ്ങൾക്കുമൊടുവിലാണ്​ 2024 ഒളിമ്പിക്​സിലെ ബോക്‌സിങ്ങിൽ ഇമാൻ ഖലീഫ്​ സ്വർണം നേടിയത്​. ‘ബ്രഡിൽ നിന്ന്​ സ്വർണത്തിലേക്ക്​’ എന്ന തലക്കെട്ടിൽ വാർത്താമാധ്യമങ്ങളിൽ ഇമാ​െൻറ വിജയം വലിയ ഇടംപിടിച്ചിരുന്നു.

Tags:    
News Summary - The gender identity controversy in the Olympics; Saudi Olympic committee member supporting Algerian boxing star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.