ജിദ്ദ: കോവിഡ് പടരാതിരിക്കാനുള്ള മുൻകരുതലിെൻറ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയ 'തവക്കൽന' ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം ഏഴു ദശലക്ഷം കവിഞ്ഞു.കോവിഡ് ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെടാനുള്ള സാധ്യത തടയുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമൊക്കെയായി ദേശീയ വിവരകേന്ദ്രം വികസിപ്പിച്ചതാണ് ആപ്പ്. നാലുമാസം മുമ്പ് ആപ്പ് ആരംഭിച്ചതിനുശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണുണ്ടായിരിക്കുന്നത്.കോവിഡ് സംബന്ധമായ സൗദിയിലെ മുഴുവൻ വിവരങ്ങളും തത്സമയംതന്നെ അറിയാമെന്നതും കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഉടൻ ചികിത്സ ലഭ്യമാക്കാമെന്നതുമെല്ലാം 'തവക്കൽന' ആപ്പ് െൻറ സവിശേഷതകളാണ്.
കോവിഡ് തടയുന്നതിനും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ആപ്പിൽ പുതുതായി മൂന്നു സവിശേഷതകൾകൂടി കൂട്ടിച്ചേർത്തു. രോഗം ബാധിച്ചവരെക്കുറിച്ചുള്ള തത്സമയ മുന്നറിയിപ്പ്, കൂട്ടംകൂടുന്നത് സുരക്ഷിതമാക്കൽ, ആശ്രിത പരിചരണം എന്നിവയാണ് പുതുതായി ചേർത്ത മൂന്ന് ഫീച്ചറുകൾ. തിരക്കേറിയ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ചവരെക്കുറിച്ച് മറ്റുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകാൻ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ആപ്പിലൂടെ സാധിക്കുന്നു. അതേസമയം തന്നെ രോഗബാധിതരുടെയും സമ്പർക്കത്തിലായ വ്യക്തികളുടെയുമെല്ലാം സ്വകാര്യത ഉറപ്പാക്കുകയും ചെയ്യുന്നു.
സർക്കാർ സംബന്ധമായതോ വാണിജ്യപരമോ വ്യക്തിഗതമോ ആയ ഒത്തുചേരലുകൾക്ക് അനുമതി നൽകുന്നതിലൂടെ ഒരു ക്യു.ആർ കോഡ് സൃഷ്ടിക്കപ്പെടും. 'തവക്കൽന' ആപ്പിൽ ലഭ്യമാവുന്ന ഈ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്തു മാത്രമേ അത്തരം കൂടിച്ചേരലുകളിൽ പങ്കെടുക്കാൻ സാധിക്കൂ എന്നതിനാൽ പങ്കെടുക്കുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവും. 15 വയസ്സിനു താഴെയുള്ള കുട്ടികളെ പിന്തുടരാനും അവർ സന്ദർശിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കാനും ആപ്പിലെ ആശ്രിത പരിചരണ സേവനം മാതാപിതാക്കളെ പ്രാപ്തമാക്കുന്നു. അറബി, ഇംഗ്ലീഷ് എന്നിവക്കു പുറമേ ഹിന്ദി, ഫിലിപ്പീൻസ്, ഉർദു, ബംഗാളി, ഇന്തോനേഷ്യൻ ഭാഷകളിൽകൂടി ആപ്പ് ലഭ്യമായതോടെ ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.