യാംബു: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി ജോ ജോസഫിനെ വിജയിപ്പിക്കാൻ ജിദ്ദ നവോദയ യാംബു ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷൻ വോട്ടർമാരോട് അഭ്യർഥിച്ചു. ഏരിയ രക്ഷാധികാരി ഗോപി മന്ത്രവാദി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേവലമായൊരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ല ഇതെന്നും വികസനവും വികസന വിരുദ്ധതയും തമ്മിലുള്ള മത്സരമാണെന്നും ഇടതുപക്ഷ സർക്കാറിന്റെ പുരോഗമന മതേതര രാഷ്ട്രീയ കാഴ്ചപ്പാടോട് കൂടിയുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി തൃക്കാക്കരയിൽ ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം ബിഹാസ് കരുവാരക്കുണ്ട് രാഷ്ട്രീയ വിശദീകരണം നടത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വികസന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ നിരവധി നേതാക്കൾ എൽ.ഡി.എഫിന്റെ കൂടെ പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചു മുന്നോട്ടു വരുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ വർഗീയ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തു കൂടിയാവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്റ് വിനയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ യൂനിറ്റുകളിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്തു. ഏരിയ സെക്രട്ടറി അജോ ജോർജ് സ്വാഗതവും ട്രഷറർ സിബിൽ ഡേവിഡ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.