ജിദ്ദ: വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരുടെ പ്രായം 18നും 50നുമിടയിൽ ആയിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
സൗദിക്ക് പുറത്തുനിന്ന് ഉംറ വിസക്ക് അപേക്ഷിക്കുന്നവർ അതത് രാജ്യത്തെ ഔദ്യോഗിക ട്രാവൽ ഏജൻസികളെയാണ് ബന്ധപ്പെടേണ്ടത്.
ഈ ഏജൻസികൾക്ക് സൗദിയിലെ ഉംറ കമ്പനികളുമായി കരാറുണ്ടായിരിക്കണം. യാത്രക്ക് മുമ്പ് അംഗീകൃത കോവിഡ് വാക്സിെൻറ ഡോസുകൾ പൂർത്തിയാക്കണം.
കൂടാതെ സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദിക്ക് പുറത്ത് നിന്നുള്ള അപേക്ഷകർക്ക് ഇഅ്തമർന, തവക്കൽനാ ആപ്പുകൾ വഴി ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും നേരിട്ട് അനുമതി നൽകുന്ന സേവനം കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ആരംഭിച്ചത്. മക്ക മസ്ജിദുൽ ഹറാമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീർഥാടകരും മുൻകൂർ അനുമതി നേടണം. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൊണ്ടുവരരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
12 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്ക് മാത്രമേ ഉംറക്ക് അനുമതി ലഭിക്കൂ. ഇവർ രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.