ജിദ്ദ: ഉംറ പദ്ധതികൾ വിജയകരമായതിനെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അഭിനന്ദിച്ചു. റമദാനിൽ മസ്ജിദുൽ ഹറാമിൽ ആത്മീയതയുടെ അന്തരീക്ഷം ഇല്ലാതാകുന്ന സംഭവങ്ങളൊന്നും രേഖപ്പെടുത്താതെ ഉംറ പദ്ധതികൾ വിജയകരമായി മുന്നേറുന്നതിൽ ഭരണകൂടം നൽകിയ പിന്തുണക്ക് സൽമാൻ രാജാവിനെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെയും അഭിനന്ദനവും കൃതജ്ഞതയും അറിയിച്ചു.
ഈ വിജയം ദൈവകാരുണ്യത്താലും പിന്നീട് സൗദി ഭരണകൂടം ഒരുക്കിയ ഭൗതികവും മാനുഷികവുമായ കഴിവുകളാലും നടപ്പാക്കിയ പദ്ധതികളാലുമാണെന്ന് മക്ക ഗവർണർ പറഞ്ഞു. കോവിഡ് മുൻകരുതൽ നടപടികൾ എടുത്തുകളഞ്ഞശേഷം മസ്ജിദുൽ ഹറാം ഏറ്റവും വലിയ തിരക്കിനാണ് സാക്ഷ്യംവഹിച്ചത്. ഭരണകൂട നിർദേശപ്രകാരം തീർഥാടകർക്ക് പരമാവധി സേവനങ്ങൾ നൽകാൻ സാധിച്ചു. ഉംറ സീസൺ വിജയംവരിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച സുരക്ഷാപദ്ധതിക്ക് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദിനും മറ്റ് വകുപ്പുകൾക്കും ഗവർണർ നന്ദി രേഖപ്പെടുത്തി. സൗദിയുടെ മാനുഷികമായ സേവനത്തെ പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ട പുരുഷ, സ്ത്രീ സന്നദ്ധപ്രവർത്തനങ്ങളുടെ സേവനങ്ങളെ മക്ക ഗവർണർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.