റിയാദ്: സൗദി അറേബ്യയിലെ ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനം. ഈ വർഷം ആദ്യപാദം മുതൽ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതായെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. 2023 അവസാന പാദത്തിലെ 3.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വദേശി പൗരന്മാരുടെയും വിദേശികളുടെയും മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതാണ്. അത് 3.5 ശതമാനമായി തുടരുന്നു. സൗദികളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം അവസാന പാദത്തിലെ 7.8 ശതമാനത്തിൽനിന്ന് ഈ വർഷം തുടക്കത്തിൽ 7.6 ശതമാനമായി കുറഞ്ഞു.
എന്നാൽ സ്വദേശി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധനവുണ്ട്. മുൻ പാദത്തിലെ 13.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ അത് 14.2 ശതമാനമായി. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് ഈ വർഷം തുടക്കത്തിൽ 4.2 ശതമാനമായി കുറഞ്ഞു. മുൻ പാദത്തിൽ ഇത് 4.6 ശതമാനമായിരുന്നെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറപ്പെടുവിച്ച കണക്കിൽ സൂചിപ്പിച്ചു.
ഈ വർഷം ആദ്യ പാദത്തിലെ തൊഴിലാളി സൂചകങ്ങളും അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. മൊത്തം സൗദികളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ വർധന കാണിക്കുന്നതായി അതോറിറ്റി പറഞ്ഞു. മുൻ പാദത്തിലെ 50.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം അത് 51.4 ശതമാനത്തിലെത്തി. സൗദികൾക്കും വിദേശികൾക്കും മൊത്തത്തിലുള്ള തൊഴിൽ പങ്കാളിത്ത നിരക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിലെ 67.0 ശതമാനമായി താരതമ്യം ചെയ്യുമ്പോൾ 66.0 ശതമാനമായി കുറഞ്ഞു. തൊഴിൽ വിപണി ബുള്ളറ്റിൻ ഫലങ്ങളിൽ സൗദി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ പാദത്തിലെ 35.0 ശതമാനമായി താരതമ്യം ചെയ്യുമ്പോൾ 35.8 ശതമാനമായി. സ്വദേശി പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് വർധിച്ചിട്ടുണ്ട്. മുൻ പാദത്തിലെ 65.4 ശതമാനത്തിൽനിന്ന് 66.4 ശതമാനമായി ഉയർന്നെന്നും അതോറിറ്റി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.