റിയാദ്: രാജ്യത്തിന്റെ സർവതോന്മുഖ വികസന, സാമൂഹിക, സാംസ്കാരിക പദ്ധതിയായ ‘വിഷൻ 2030’ന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സൗദി അറേബ്യ പാതിവഴി വിജയകരമായി പിന്നിട്ടെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ ബിൻ ഫദിൽ അൽ ഇബ്രാഹിം പറഞ്ഞു. ചൈനീസ് നഗരമായ ഡാലിയനിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക ന്യൂ ചാമ്പ്യൻസ് മീറ്റിങ്ങിൽ ‘ഭാവിയിലെ വളർച്ചയിൽ നിന്ന് ഞങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്’ എന്ന ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഏഴ് വർഷം മുമ്പ് ആരംഭിച്ചതാണ് ഈ യാത്ര. അത് അനുസ്യൂതം തുടരും. ഈ സമയത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കാനായി. ഞങ്ങൾക്ക് മുൻഗണനകളുണ്ട്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ വേഗത ത്വരിതപ്പെടുത്തുകയും മാനവ മൂലധന വികസനത്തിന്റെ ഫലങ്ങൾ വർധിപ്പിക്കുകയും ചെയ്യുകയെന്നതാണ് അവ. അതിനാൽ സൗദി ഇപ്പോൾ പുതിയൊരു സാമ്പത്തിക യുഗത്തിന്റെ നെറുകയിലാണ് നിൽക്കുന്നത്. വരും ദശകങ്ങളിൽ ഇത് ആവേശകരമായ പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം എണ്ണേതര പ്രവർത്തന മേഖലകളിൽ രാജ്യം ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ചു. 2022ൽ സാമ്പത്തിക വളർച്ചാനിരക്ക് 8.7 ശതമാനം കൈവരിച്ചു. എണ്ണയിതര പ്രവർത്തനങ്ങളും 5.6 ശതമാനം കൈവരിച്ചു, ഇന്നും എണ്ണയിതര പ്രവർത്തനങ്ങളുടെ വളർച്ച ശക്തമായി തുടരുന്നു. കാരണം എണ്ണയിതര പ്രവർത്തനങ്ങൾ യഥാർഥ ജി.ഡി.പിയുടെ 51 ശതമാനം വരും. രാജ്യത്തിന്റെ എണ്ണയിതര സമ്പദ്വ്യവസ്ഥ അതിെൻറ എണ്ണ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നും മന്ത്രി പറഞ്ഞു.
ഊർജ സുരക്ഷയിലും കാലാവസ്ഥാ പ്രവർത്തനത്തിലും രാജ്യം ഒരു പ്രധാന പങ്കുവഹിക്കുന്നു. ഏറ്റവും വൃത്തിയുള്ള ഹൈഡ്രോകാർബൺ ഊർജ ഉൽപാദകരിൽ സൗദി മുൻപന്തിയിലാണ്. പുനരുപയോഗ ഊർജമേഖലയിലെ മുൻനിരക്കാരിൽ ഉൾപ്പെടും. ഹരിത ഹൈഡ്രജൻ, സൗരോർജം, കാറ്റ് ഊർജം, മറ്റ് സ്രോതസ്സുകൾ എന്നിവയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര സഹകരണവും നവീകരണവും സമഗ്രമായ പരിഹാരങ്ങളും സ്വീകരിച്ചുകൊണ്ട് ആഗോള സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സമഗ്രവും സംയോജിതവുമായ ഒരു സമീപനം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന് ഇത്തരം ചില വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും ലഘൂകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.