ജുബൈൽ: സ്കൂൾ തലം മുതൽ ആരംഭിച്ച ഭാരോദ്വഹനത്തോടുള്ള അഗാധ സ്നേഹം മനസ്സിൽ കെടാതെ കാത്തുവെച്ചൊരു പ്രവാസി. ഗോവയിൽ നടന്ന ആറാമത് ദേശീയ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 150കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശി മനാരി നിഹൽസിൽ സാബിൽ അലി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് ഫിറ്റ്നസ് വർധിപ്പിക്കാൻ വീടിനത്തുള്ള ജിംനേഷ്യത്തിൽ ചേർത്തതോടെയാണ് കോഴിക്കോട് വെസ്റ്റ് മാങ്കാവ്, മനാരി നിഹൽസിൽ സാബിൽ അലിക്ക് ഭാരോദ്വഹനതോടുള്ള ഇഷ്ടം തുടങ്ങുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെയ്റ്റ് ലിഫ്റ്റിങ് പരിശീലനത്തിനായുള്ള ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കഠിന പരിശീലനത്തിന്റെയും മത്സരങ്ങളുടെയും ദിനങ്ങളായിരുന്നു.
1998-ലാണ് ആദ്യമായി ജില്ല തലത്തിൽ മത്സരിച്ചത്. അതേ വർഷം മട്ടാഞ്ചേരിയിൽ നടന്ന സംസ്ഥാനതല മത്സരങ്ങളിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ നേടി. 1999-ൽ കോഴിക്കോട്നിന്ന് ജൂനിയർ തലത്തിൽ ബെസ്റ്റ് ലിഫ്റ്റർ ആയി. 2000-ൽ സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ കോഴിക്കോടിനു വേണ്ടി സ്വർണം നേടി. അതേ വർഷം ദക്ഷിണേന്ത്യയിലും ദേശീയ തലത്തിലും നടന്ന മത്സരങ്ങളിൽ പങ്കെടുക്കുകയും ഇന്റർ കൊളീജിയറ്റ് മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് ബെസ്റ്റ് ലിഫ്റ്റർ നേട്ടവും സ്വന്തമാക്കി. പിന്നീട് 2004 വരെ തുടർച്ചയായ വർഷങ്ങളിൽ ജില്ല, സംസ്ഥാന, ദക്ഷിണേന്ത്യ, ദേശീയ തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്തു. ഇതിനിടെ 2002-ൽ വിശാഖപട്ടണത്ത് നടന്ന നാഷണൽ ഗെയിംസിലും പങ്കെടുത്തു.
എന്നാൽ ദൗർഭാഗ്യവശാൽ 2004-ൽ കേന്ദ്ര ഗവൺമെന്റിന്റെ ഓപൺ സെലക്ഷനിടെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് വെയ്റ്റ് ലിഫ്റ്റിങ് കരിയർ തൽകാലം അവസാനിപ്പിച്ച് മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കുകയും പിന്നീട് സൗദിയിൽ പ്രവാസജീവിതം ആരംഭിക്കുകയും ചെയ്തു. 15 വർഷത്തിലേറെയായി സൗദിയിലുള്ള സാബിൽ അലി ഇപ്പോൾ ജുബൈലിൽ ഇൻഡസ്ട്രിയൽ നോൺ-ഡെസ്ട്രക്റ്റിവ് ഇൻസ്പെക്ഷൻ മേഖലയിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷമാണ് മത്സരങ്ങളിൽവീണ്ടും പങ്കെടുക്കണമെന്ന ആഗ്രഹം ജനിച്ചത്. വാരാണസിയിലും ഈ ഫെബ്രുവരിയിൽ ഗോവയിലും നടന്ന മാസ്റ്റേഴ്സ് മത്സരങ്ങളിലൂടെ രംഗത്ത് സജീവമായി.
ഗോവയിൽ നടന്ന ആറാമത് ദേശീയ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 150 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സാബിൽ അലി. അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കണം എന്നതാണ് സ്വപ്നം. കോഴിക്കോട് തെക്കേപ്പുറം ജുബൈൽ യുനൈറ്റഡ് കൂട്ടായ്മ വലിയ പിന്തുണയാണ് തനിക്ക് നൽകി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടയായ പരിശീലനവും നല്ല ഭക്ഷണവും ആവശ്യത്തിന് വിശ്രമവും ഒരു വെയ്റ്റ് ലിഫ്റ്റർക്ക് അത്യാവശ്യമാണ്. രാവിലെ രണ്ടു മണിക്കൂറും വൈകീട്ട് രണ്ടു മണിക്കൂറും കൃത്യമായി പരിശീലനം നടത്തുന്നു. ഭാരം എടുക്കുമ്പോൾ വേഗ നിയന്ത്രണവും പ്രധാനമാണ്.
സർക്കാറുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും ഈയിടെയായി പൊലീസ് സേനയിലേക്കുള്ള നിയമനങ്ങളിൽ മുൻഗണന ലഭിക്കുന്നത് ശുഭ സൂചനയാണ്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായിക മാമാങ്കങ്ങളിൽ മത്സര ഇനമായ വെയ്റ്റ്ലിഫ്റ്റിങ്ങിൽ രാജ്യത്തിന് മെഡലുകൾ കരസ്ഥമാക്കാൻ കായികതാരങ്ങൾക്ക് നല്ല കോച്ചിങ്ങും പ്രോത്സാഹനവും ബന്ധപ്പെട്ട സൗകര്യങ്ങളും ആവശ്യമാണ്. പ്രീഡിഗ്രി ഗുരുവായൂരപ്പൻ കോളജിലും ബിരുദം (ബി.എ.എക്കണോമിക്സ്) ഗവ.ആർട്സ് കോളജിലുമാണ് പൂർത്തിയാക്കിയത്. ജലീസയാണ് ഭാര്യ. നായിഫ് റസ്ലാൻ, ലിവ്യാ ബിൻത് സാബിൽ, റനീൻ ബിൻ സാബിൽ, സിയാഫ് ഇബ്ൻ സാബിൽ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.