നജ്റാൻ: നജ്റാനിലെ ഉറുഖ് ബനീമആരിദ് വന്യജീവി റിസർവിെൻറ ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു. നിരവധി മൃഗങ്ങളെ റിസർവിലേക്ക് തുറന്നുവിട്ട് പ്രവിശ്യ ഗവർണർ അമീർ ജലവി ബിൻ അബ്ദുൽ അസീസ് കഴിഞ്ഞദിവസം ഉദ്ഘാടനം നിർവഹിച്ചു. അറേബ്യൻ ഒറിക്സുകൾ, പുള്ളിമാനുകൾ, ആൻറിലോപുകൾ, ഒട്ടകപക്ഷികൾ എന്നിവയെയാണ് ആദ്യഘട്ടത്തിൽ റിസർവിലേക്ക് വിട്ടത്.
പ്രദേശത്ത് സൗദി വൈൽഡ്ലൈഫ് കമീഷൻ നടപ്പാക്കുന്ന ബൃഹദ്പദ്ധതിയുടെ ആദ്യ ചുവടുവെപ്പായിരുന്നു ഇത്. ഇവിടെ സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നവയിൽ പലതും വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളാണ്. തനത് ആവാസ വ്യവസ്ഥയിൽ നിന്ന് പൂർണമായി ഇല്ലാതായ ഇവയെ സംരക്ഷിത കേന്ദ്രങ്ങളിൽ പ്രജനനം നടത്തിയശേഷം വംശവർധനക്കായി റിസർവിലേക്ക് തുറന്നുവിടുകയാണ്. 24 മണിക്കൂറും അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ഇവ. ഹർറ അൽഹർറ, ഖുനാഫ, അൽതബീഖ്, തൈസിയ, അവാൽ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും റിസർവുകൾ സംവിധാനിച്ചിരിക്കുന്നത്.
രാജ്യത്തിെൻറ ജീവി വൈവിധ്യവും പ്രകൃതി സവിശേഷതകളും അതിെൻറ തനത് ഗുണങ്ങളിൽ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന ചടങ്ങിൽ ഗവർണർ അമീർ ജലവി ബിൻ അബ്ദുൽ അസീസ് പറഞ്ഞു. ഇവിടെയുള്ള ജീവികളെയും സസ്യജാലങ്ങളെയും എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ സംരക്ഷണത്തിന് നൂതന പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് സൗദി വൈൽഡ്ലൈഫ് കമീഷൻ വൈസ് പ്രസിഡൻറ് ഡോ. ഹാനി തത്വാനി പറഞ്ഞു. ചടങ്ങിൽ തുമാമ ആസ്ഥാനമായ കമീഷനെ കുറിച്ചുള്ള മൂന്നുഹൃസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.