ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബി.ജെ.പിയെ നേരിടാനായി ശക്തിപ്രാപിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇൻഡ്യ’ മുന്നണി തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ കാട്ടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതോ ബി.ജെ.പി ഉയർത്തുന്ന ‘സമ്മർദങ്ങൾക്ക്’ മുന്നിൽ കാലിടറുമോ എന്ന ആശങ്കയും മതേതര ഇന്ത്യക്കുണ്ട്. ഓരോ സംസ്ഥാനത്തും വേരോട്ടമുള്ള കക്ഷികൾ തന്നെയാണ് ഇൻഡ്യ മുന്നണിയുടെ കരുത്ത്. യു.പിയിൽ സമാജ് വാദി പാർട്ടിയുമായി സീറ്റ് വിഭജന ചർച്ച വിജയകരമായി പൂർത്തിയാക്കിയത് ചില പ്രതീക്ഷക്ക് വക നൽകുന്നു. 20 സീറ്റെങ്കിലും അവിടെ വിജയിക്കാൻ പറ്റിയാൽ പ്രതിപക്ഷ മുന്നണിക്ക് അത് വലിയ നേട്ടം തന്നെയായിരിക്കും. അപ്പോഴും ബി.എസ്.പി മാറി നിൽക്കുന്നത് രണ്ട് മുന്നണികൾക്കും ഭീഷണിയാണ്.
അതുപോലെ ബിഹാറിൽ ആർ.എൽ.ഡിയുടെയും തമിഴ്നാട്ടിൽ ഡി.എം.കെയും മുൻകൈയിൽ മുന്നണിയായി മത്സരിക്കുമ്പോൾ ബി.ജെ.പി ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ബിഹാറിൽ ജെ.ഡി.യുവിനെ തിരികെ കൊണ്ട് വരാനായതും മഹാരാഷ്ട്രയിൽ എൻ.സി.പിയെയും ശിവസേനയെയും പിളർത്താനായതും വലിയ നേട്ടമായാണ് ബി.ജെ.പി പാളയത്തിലെ കണക്ക് കൂട്ടൽ. ഈ പിളർത്തലുകളോടും സഖ്യങ്ങളോടും ജനം എങ്ങനെ പ്രതികരിക്കുമെന്നതറിയാൻ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. ‘ഇൻഡ്യ’ സഖ്യത്തെ തകർക്കാൻ വലിയ സമ്മർദമാണ് ബി.ജെ.പി ചെലുത്തുന്നത്. പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ നിരന്തരം ഇ.ഡിയെ വിട്ടും മറ്റ് തരത്തിലുമുള്ള അന്വേഷണങ്ങളുമൊക്കെ ആ സമ്മർദത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വിശ്വാസം. ഈ സമ്മർദങ്ങളുടെ ഫലമാണ് ‘ഇൻഡ്യ’ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ പോലും വിജയിക്കാത്തത് എന്നതും ന്യായമായും സംശയിക്കേണ്ടി വരും. ഡൽഹിയിലും പഞ്ചാബിലും എ.എ.പിയുമായി ഇതുവരെ ചർച്ച വിജയിക്കാത്തതും ബംഗാളിൽ മമത ഇടഞ്ഞുനിൽക്കുന്നതും കേന്ദ്ര സർക്കാർ ഉയർത്തുന്ന സമ്മർദങ്ങളുടെ ഫലമാണോ എന്നതും വ്യക്തമല്ല.
പരസ്പരം പൂർണ വിശ്വാസം നേടാനാവാത്തതാണ് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ നേരിടുന്ന മറ്റൊരു ഭീഷണി. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബി.ജെ.പിയുമായി രഹസ്യമായോ പരസ്യമായോ കൈകോർത്തവരാണ് ഇൻഡ്യ മുന്നണിയിലെ മിക്ക കക്ഷികളുമെന്നത് തന്നെയാണ് ഈ അവിശ്വാസത്തിനുള്ള കാരണവും. ഈ സമ്മർദങ്ങളൊക്കെ അതിജീവിക്കുകയും ഇ.വി.എം ചതിക്കാതിരിക്കുകയും ചെയ്താൽ ‘ഇൻഡ്യ’ മുന്നണി ചരിത്രം രചിക്കുമെന്ന് നമുക്ക് കരുതാം. അല്ലാത്ത പക്ഷം മരണമണി മുഴങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിനായിരിക്കും. അതെ നമ്മുടെ ഇന്ത്യക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.