ജിദ്ദ: വിശ്വാസികൾക്ക് വിജയകരമായ ഉംറ ഒരുക്കുന്നതിന് പങ്കാളികളുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉംറ സുരക്ഷ സേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽബസാമി പറഞ്ഞു.
മക്കയിൽ നടന്ന ഉംറ സുരക്ഷ സേനയുടെ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്വാഫും താഴത്തെനിലയും ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. കിങ് ഫഹദ് കവാടം, കിങ് അബ്ദുൽ അസീസ് കവാടം, ഉംറ, അൽസലാം കവാടങ്ങൾ, മർവയുടെ പ്രവേശന കവാടം എന്നിവ ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതിപത്രം ആവശ്യമാണ്. നമസ്കരിക്കാനെത്തുന്നവർക്ക് ഹറമിലേക്കും മുറ്റങ്ങളിലേക്കും അനുമതിപത്രമില്ലാതെ പ്രവേശിക്കാനാകും. സുരക്ഷ, വ്യവസ്ഥ നിലനിർത്തുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക, ട്രാഫിക് നിയന്ത്രിക്കുക, മാനുഷിക സേവനങ്ങൾ നൽകുക, സുരക്ഷാ ഏജൻസികളെയും മറ്റ് സഹായ സേവനങ്ങളെയും പിന്തുണക്കുക തുടങ്ങിയവയിൽ ഊന്നിക്കൊണ്ടുള്ളതാണ് ഉംറ സുരക്ഷ സേനയുടെ റമദാൻ പ്രവർത്തന പദ്ധതികൾ. തീർഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രതിരോധ, ആരോഗ്യ നടപടികളുടെ ഭാഗമായും ഹറം ഏരിയയിൽ എല്ലാവരും മാസ്ക് ധരിക്കണം. ജർവലിൽനിന്ന് ഹറം വടക്ക് മുറ്റം വിപുലീകരണ ഭാഗത്തേക്ക് നമസ്കരിക്കാനെത്തുന്നവരെ എത്തിക്കുന്നതിന് നടപ്പാതകൾ സജ്ജമാണെന്നും സുരക്ഷ സേന മേധാവി അറിയിച്ചു.
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സന്ദർശകരെയും തീർഥാടകരെയും സ്വീകരിക്കുന്നതിന് അഞ്ച് ചെക്ക് പോയൻറുകൾ സ്ഥാപിച്ചതായി ഉംറ സുരക്ഷ സേനയുടെ ട്രാഫിക് കാര്യ അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ സൽമാൻ അൽ ജുമൈഇ പറഞ്ഞു. അനധികൃത വാഹനങ്ങൾ തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു ഹറമുകളിലും ആളുകൾ മാസ്ക് ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. തീർഥാടകരുടെ പ്രവേശനം എളുപ്പമാക്കുന്നതിന് സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കും. ഇരുഹറമുകളിലെ എല്ലാ ഭാഗങ്ങളിലും ഭിക്ഷാടകരെ പിടികൂടാൻ നിരീക്ഷണമുണ്ടാകും. അവർക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകുമെന്നും പട്രോളിങ് വിഭാഗം അസിസ്റ്റൻറ് കമാൻഡർ അറിയിച്ചു. വ്യാജരേഖകൾ കണ്ടെത്താനും ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താനും ഇലക്ട്രോണിക് സംവിധാനം സജ്ജമാണെന്ന് പാസ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ സ്വാലിഹ് അൽമുർബഅ പറഞ്ഞു. ആശുപത്രിയിൽ പരിക്കേറ്റ് കഴിയുന്നവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കാൻ പ്രത്യേക ഫീൽഡ് ടീമുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.