ജിദ്ദ: ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ എല്ലാ സർക്കാർ വകുപ്പുകൾക്കും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശം നൽകി. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിന് ആവശ്യമായ എന്ത് പിന്തുണയും സൗകര്യങ്ങളും നൽകാൻ സൗദിയിലെ എല്ലാ മന്ത്രാലയങ്ങളോടും സർക്കാർ ഏജൻസികളോടും കീരീടാവകാശി നിർദേശിച്ചതായി കായിക മന്ത്രി പറഞ്ഞു. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് സമ്പൂർണ പിന്തുണയാണ് സൗദി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കായിക മന്ത്രി ഇത് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും എത്രയും വേഗം കിരീടാവകാശിക്ക് റിപ്പോർട്ട് നൽകുമെന്നും കായിക മന്ത്രാലയം അറിയിച്ചു. ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഞായറാഴ്ച പുലർച്ചെ ഖത്തറിലെത്തി. ഊർജം, ആഭ്യന്തരം, വിദേശകാര്യം, വ്യാപാരം, നിക്ഷേപം എന്നീ വകുപ്പ് മന്ത്രിമാർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, നാഷനൽ ഗാർഡ് തലവൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് സൗദി കിരീടാവകാശി ഖത്തറിലെത്തിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-താനി വിമാനത്താവളത്തിലെത്തി ഊഷ്മള വരവേൽപാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.