ദമ്മാം: സാമൂഹിക ഐക്യങ്ങളെ തകർക്കാൻ വെറുപ്പും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ സ്നേഹവും സത്യവും കൊണ്ട് പ്രതിരോധം തീർക്കുക എന്നതാണ് വർത്തമാനകാലത്തെ മികച്ച രാഷ്ട്രീയ പ്രവർത്തനമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. നുണയും വിദ്വേഷവും സമൂഹ മാധ്യമങ്ങൾ വഴി അതിവേഗം സഞ്ചരിക്കുകയാണ്.Youth League state general secretary P. K. Firoz said.
പലപ്പോഴും അത് തിരുത്തേണ്ടവർ പോലും വോട്ടുബാങ്ക് ലക്ഷ്യംവെച്ച് മൗനം പാലിക്കുമ്പോൾ തകർക്കപ്പെടുന്നത് മനുഷ്യർക്കിടയിലെ ഐക്യവും സമാധാനവുമാണ്. ഇത്തരം വർത്തമാനകാല സാഹചര്യങ്ങളെ തിരിച്ചറിഞ്ഞാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കേരളത്തിൽ യാത്ര നടത്തിയത്. മാനവികത നഷ്ടപ്പെടാത്ത നിരവധി പേരെ കൂട്ടിപ്പിടിക്കാൻ സാധിച്ച ദൗത്യം കൂടിയായിരുന്നു അത്.
വിദ്വേഷത്തിനെതിരെ എന്ന പുതിയ കാമ്പയിനുമായി യൂത്ത് ലീഗ് ഉടൻ രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രൊപഗാൻഡകൾ സൃഷ്ടിക്കുന്നവരെ സത്യം പറഞ്ഞ് പ്രതിരോധിക്കുക എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ‘കേരള സ്റ്റോറി’ സിനിമക്കെതിരെയായി യൂത്ത് ലീഗിന്റെ ഒരുകോടി ഇനാം പ്രഖ്യാപനം. 14 ജില്ലകളിലും ഞങ്ങൾ കാത്തിരുന്നു. വെല്ലുവിളി ഏറ്റെടുക്കാൻ ഒരാൾ പോലും വന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ സഹിതം ഈ സംഭവത്തിന് വലിയ വാർത്താ പ്രാധാന്യമാണ് നൽകിയത്. ലവ് ജിഹാദ് ആവർത്തിച്ച് ആരോപിക്കപ്പെടുമ്പോൾ സത്യം പറയേണ്ട ദേശീയ അന്വേഷണ ഏജൻസികളും ഭരണകൂടവും നിശ്ശബ്ദത പാലിക്കുന്നു. ഇത്തരമൊന്നായിരുന്നു മദ്റസാധ്യാപകർക്ക് പതിനായിരങ്ങൾ സർക്കാർ ഖജനാവിൽനിന്ന് ശമ്പളം കൊടുക്കുന്നു എന്നത്. നിരവധി ക്ഷേമനിധികൾ കേരളത്തിലുണ്ട്. പേക്ഷ മദ്റസാധ്യാപകർക്കുവേണ്ടി ക്ഷേമനിധി ഉണ്ടാക്കിയപ്പേഴാണ് അത് വർഗീയമായി ചിത്രീകരിക്കപ്പെട്ടത്.
കൃത്യമായി വിശദീകരിക്കേണ്ട സർക്കാർ മനപ്പൂർവം മൗനം പാലിച്ചു. അതോടെ നുണ ഉലകം ചുറ്റുകയും അതിന്റെ ദൗത്യം നിർവഹിക്കുകയും ചെയ്തു. ഇത്തരം അജണ്ടകൾ രാഷ്ട്രീയ പാർട്ടികൾപോലും പുലർത്തുമ്പോൾ വ്യതിരിക്തമായ രാഷ്ട്രീയ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാനാണ് യൂത്ത് ലീഗ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയബോധമുള്ള 25,000 കേഡറുകളെ സൃഷ്ടിച്ചെടുക്കാൻ ‘സീതി സാഹിബ് അക്കാദ’മിക്ക് തങ്ങൾ തുടക്കം കുറിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകളിൽ വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടേണ്ടത്. നമുക്കിടയിലുള്ള മാനവ നന്മകളെ തമസ്കരിക്കുന്ന ഇടങ്ങളിൽ സ്നേഹം പകരുന്ന ചരിത്രവും വർത്തമാനവുമായി അവർ ഇടപെടും. വ്യാജവാർത്തകളുടെ സത്യാവസ്ഥ അവർ പുറത്തുകൊണ്ടുവരും, ഫാഷിസ്റ്റ് കാലത്ത് ഇത്തരം ക്രിയാത്മക രാഷ്ട്രീയ ഇടപെടലുകളാണ് അത്യാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക വിജയം കേരളത്തിലെ കോൺഗ്രസുകാർക്ക് പാഠമാകണമെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വത്തിലെ ഐക്യമാണ് അവിടെ വിജയം സമ്മാനിച്ചത്. അതേസമയം, കേരളത്തിലെ കോൺഗ്രസ് പോര് ആശങ്കയുണ്ടാക്കുന്നതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് 20 ശതമാനം സ്ഥാനങ്ങൾ റിസർവ് ചെയ്ത പാർട്ടിയാണ് മുസ്ലിംലീഗെന്ന് അദ്ദേഹം പറഞ്ഞു. ഹരിതയുമായുണ്ടായ തർക്കങ്ങൾ തലമുറ മാറ്റവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ മാത്രമാണ്. വലിയമാറ്റങ്ങളെ കാലം കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.