????? ???????????? ???? ?????????????????? ?????? ?????? ????????? ?????????

ചക്രം പൊട്ടിയ സ്പൈസ് ജെറ്റ് വിമാനം ദുബൈയില്‍ അടിയന്തരമായി ഇറക്കി

ദുബൈ: ദുബൈയില്‍ നിന്ന് പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം ചക്രം പൊട്ടിയതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. രണ്ടര മണിക്കൂറോളം  ആകാശത്ത് വട്ടമിട്ട്  പറന്ന വിമാനം ദുബൈയിലെ തന്നെ  മറ്റൊരു വിമാനത്താളത്തില്‍ ഇറക്കിയതോടെയാണ് മലയാളികള്‍ ഉള്‍പ്പടെ 180 ഓളം യാത്രക്കാര്‍ക്ക് ശ്വാസം നേരെ വീണത്. അതേ സമയം യാത്ര മുടങ്ങിയ  യാത്രക്കാരോട് അധികൃതര്‍ മോശമായി പെരുമാറിയതായും പരാതിയുയര്‍ന്നു. പകരം വിമാനമില്ലാതെ യാത്രക്കാര്‍ ശനിയാഴ്ച രാത്രിയും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് വലിയ ദുരന്തത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.  ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ നാലിന് പുറപ്പെടേണ്ട എസ് ജി 8114 ബോയിങ്  വിമാനം 5.15നാണ് പറന്നുയര്‍ന്നത്. വിമാനത്തിന്‍െറ പിന്‍ഭാഗത്തെ വലത് ചക്രമാണ് പൊട്ടിയത്. മലയാളികള്‍ ഉള്‍പ്പടെ 180 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. മുംബൈ-മംഗലാപുരം വഴി നാട്ടിലേക്ക് പോകേണ്ട കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളായിരുന്നു ഇവര്‍. വിമാനം ഉയര്‍ന്ന ഉടന്‍ ചക്രം പൊട്ടിയ വലിയ ശബ്ദം കേട്ടതായി യാത്രക്കാരനായ കാസര്‍കോട് സ്വദേശി പ്രഭാകരന്‍ മുല്ലച്ചേരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാനായി ശ്രമം. എന്നാല്‍ ദുബൈ ജബല്‍ അലിയിലെ പുതിയ ആല്‍ മക്തൂം വിമാനത്താവളത്തില്‍ മൂന്നുവട്ടം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാലാം ശ്രമത്തില്‍ രാവിലെ 7.45 ന് സൂരക്ഷിതമായി വിമാനം നിലത്തിറക്കി. ദുബൈ പൊലീസ്, ആംബുലന്‍സ്, അഗ്നിശമന സേന തുടങ്ങി എല്ലാ സുരക്ഷാ സന്നാഹങ്ങളും അല്‍ മക്തൂം വിമാനത്താവളത്തില്‍ നില ഉറപ്പിച്ചിരുന്നു. തുടര്‍ന്നാണ് അടിയന്തര ലാന്‍റിങ് നടത്തിയത്.
ഇതിനിടെ, യാത്ര മുടങ്ങിയവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിലോ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുന്നതിലോ സ്പൈസ് ജെറ്റ് അധികൃതര്‍ അലംഭാവം കാട്ടിയതായി യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മാത്രമാണ ബര്‍ഗറും കാപ്പിയും തന്നതെന്നും ഇവര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരും ഇതുമൂലം ദുരിതത്തിലായി. ഞായറാഴ്ച നടക്കുന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായി പോകുന്നവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്ന് പുതിയ വിമാനം വന്നതിന് ശേഷം, ശനിയാഴ്ച വൈകീട്ട് പുറപ്പെടുമെന്നാണ് യാത്രക്കാരെ ആദ്യം അറിയിച്ചത്. എന്നാല്‍, ആ സര്‍വീസും മുടങ്ങി. പിന്നീട് ഞായറാഴ്ച രാവിലെ നാലിനുള്ള വിമാനത്തില്‍ ഇവരെ കൊണ്ടു പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനിടെ അടിയന്തരമായി നാട്ടിലെത്തേണ്ട 30 ഓളം പേര്‍ സ്പൈസ് ജെറ്റ് ടിക്കറ്റ് റദ്ദാക്കി മറ്റു വിമാനങ്ങളില്‍ യാത്രയായി. റദ്ദാക്കിയ  ടിക്കറ്റ് തുക പത്ത് ദിവസം കഴിഞ്ഞ് തരാമെന്നാണ് വിമാന കമ്പനി അധികൃതര്‍ പറഞ്ഞതെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ബാക്കിയുള്ളവര്‍  സ്പൈസ് ജെറ്റ് വിമാനത്തിന് തന്നെ കാത്തിരിക്കുകയാണ്. ആല്‍ മക്തൂം വിമാനത്താവളത്തില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഇപ്പോള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിച്ചിട്ടുണ്ട്.യാത്രക്കാരിലെ ചിലര്‍ യു.എ.ഇ വിസ റദ്ദാക്കി,നാട്ടിലേക്ക് മടങ്ങുന്നവരാണ്. ഇവരും വിമാന സര്‍വീസ് മുടങ്ങിയതോടെ ദുരത്തിലായി. സംഭവം സംബന്ധിച്ച സ്പൈസ് ജെറ്റ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.