ഷാർജ: വീണ്ടും ചരിത്രം കുറിക്കാൻ ഒരുങ്ങി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നടന്ന വേദി എന്ന നേട്ടത്തിന് പിറകെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന വേദിയായി മാറുകയാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം.
നിലവിൽ 299 അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ആതിഥ്യം വഹിച്ചു കഴിഞ്ഞു. വനിത ടി20 ലോകകപ്പ് കൂടി വരുന്നതോടെ മത്സരങ്ങളുടെ എണ്ണം 300 കവിയും. ഒക്ടോബർ മൂന്നിന് വനിത ടി20 ലോകകപ്പിന്റെ ഉദ്ഘാടനവേദിയാകാൻ തയാറെടുക്കുന്നതിന് തൊട്ടുമുമ്പാണ് മറ്റൊരു ലോകറെക്കോഡിന്റെ തൊട്ടരികിലാണ് തങ്ങളെന്ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം അധികൃതർ പ്രഖ്യാപിച്ചത്.
250 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ നടന്ന ആദ്യ സ്റ്റേഡിയം എന്ന റെക്കോഡ് ഷാർജ കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. രണ്ടാം സ്ഥാനത്തുള്ള സിംബാബ് വേയിലെ ഹരാരെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 185 ഏകദിനങ്ങളാണ് ഇതുവരെ നടന്നത്.
500 അന്താരാഷ്ട്ര മത്സരങ്ങൾ എന്ന റെക്കോഡ് കൂടി സ്വന്തമാക്കാൻ തയാറെടുക്കുകയാണെന്ന് ഷാർജ ടൂറിസം ചെയർമാൻ ഖാലിദ് ജാസിം സെയ്ഫ് അൽ മിദ്ഫ പറഞ്ഞു. അതോടൊപ്പം പുരുഷ, വനിത താരങ്ങൾക്ക് മത്സരത്തുക ഏകീകരിച്ചശേഷം നടക്കുന്ന ആദ്യ വനിത ലോകകപ്പിന് തുടക്കം കുറിക്കുന്നത് ഷാർജയിലാണ് എന്നത് മറ്റൊരു റെക്കോഡാണെന്ന് യു.എ.ഇ ക്രിക്കറ്റ് ബോർഡംഗം വലീദ് ബൂഖാതിർ പറഞ്ഞു.
ടി20 വനിത ലോകകപ്പ് ബുധനാഴ്ച വൈകുന്നേരം ആഘോഷപൂർവം ഷാർജ സ്റ്റേഡിയത്തിലെത്തിച്ചിരുന്നു. ഷാർജ ക്രിക്കറ്റ് സി.ഇ.ഒ ഖലാഫ് ബുഖാതിർ, ഷാർജ ക്രിക്കറ്റ് അംഗം നാസിർ അക്രം, ഷാർജ ക്രിക്കറ്റ് ജനറൽ മാനേജർ മസർഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒക്ടോബർ മൂന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശും സ്കോട്ട്ലൻഡും ഏറ്റുമുട്ടും. തുടർന്ന് പാകിസ്താനും ശ്രീലങ്കയും തമ്മിലാണ് രണ്ടാമത്തെ മത്സരം. ആദ്യ റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 15വരെ നീളും. 17, 18 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. 20ന് ദുബൈയിലാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.