എക്​സ്​പോയുടെ ഒരുക്കം

എന്തിനും തയാറായി 30,000 വളൻറിയർമാർ

ദുബൈ: മഹാമേളയിലേക്കെത്തുന്നവരെ സ്വീകരിക്കാനും സൽക്കരിക്കാനും സൗകര്യമൊരുക്കാനും ഒരുങ്ങിനിൽക്കുന്നത്​ 30,000ഓളം വളൻറിയർമാർ. 1.80 ലക്ഷം അപേക്ഷകരിൽനിന്നാണ്​ 30,000 പേരെ തെരഞ്ഞെടുത്തത്​. 45 ശതമാനം സ്വദേശികളും 55 ശതമാനം പ്രവാസികളും ഇതിൽ ഉൾ​പ്പെടുന്നു. 39 ശതമാനം പേരും 30 വയസ്സിൽ താഴെയുള്ളവരാണ്​. 61 ശതമാനം പേർ 30 വയസ്സിന്​ മുകളിലുള്ളവർ. 54 ശതമാനം പുരുഷന്മാരും 46 ശതമാനം സ്​ത്രീകളും വളൻറിയർമാരായുണ്ട്​്​.

ലക്ഷം അപേക്ഷകൾ എത്തുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, ഇതെല്ലാം മറികടന്ന്​ 1.80 ലക്ഷം പേരാണ്​ അപേക്ഷിച്ചത്​. എക്​സ്​പോയിലെ പരിപാടികളുമായി ബന്ധപ്പെട്ടായിരിക്കും 10,000 പേർ പ്രവർത്തിക്കുക. 18 വയസ്സ്​​ മുതൽ 79 വയസ്സ്​​ വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്​. എക്​സ്​പോ വേദിയിലെ 30ഓളം ജോലികളാണ്​ ഇവർ നിർവഹിക്കുന്നത്​.

രാജ്യങ്ങളുടെ പവിലിയനുകളിലും ഇവരുടെ സേവനം എത്തും. സ്​കൂളിൽനിന്നെത്തുന്ന കുട്ടികൾക്ക്​ വഴികാട്ടാനും ഇവരുണ്ടാകും. എക്​സ്​പോയിലെ പവിലിയനുകളിൽ ഇവർ കുട്ടികളെ എത്തിക്കും. പ്രോ​ട്ടോകോൾ, ഐ.ടി, ഇവൻറുകൾ എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. സന്നദ്ധപ്രവർത്തകരെ നിയന്ത്രിക്കാൻ ടീം ലീഡർമാരെ നിയമിച്ചിട്ടുണ്ട്. ഇവർക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്​. 10​ ഷിഫ്​റ്റുകളിലായാണ്​ വളൻറിയർമാരുടെ സേവനം. രണ്ടു​ മാസം വീതമുള്ള മൂന്ന്​ ​ഷെഡ്യൂളുകളായി തിരിച്ചായിരിക്കും എക്​സ്​പോ നടക്കുക.

ഇതനുസരിച്ച്​ ജോലിയും മാറിക്കൊണ്ടിരിക്കും. രാത്രിയും പകലും ഷിഫ്​റ്റുണ്ടായിരിക്കും. പ്രത്യേക യൂനിഫോം ഇവർക്ക്​ നൽകും. ഇതു​ സംബന്ധിച്ച വിശദാംശങ്ങളും ഷെഡ്യൂളും വളൻറിയർമാർക്ക്​ അയച്ചിട്ടുണ്ട്​. ​

ഇതു​ സേവനമായതിനാൽ ഇവർക്ക്​ പ്രത്യേക ശമ്പളം നൽകില്ല. വേദിയിലേക്കുള്ള യാത്ര ചെലവും പാർക്കിങ്ങും ഭക്ഷണവും​ സൗജന്യമായിരിക്കും. സേവനം പൂർത്തിയാക്കുന്ന വളിൻറിയർമാർക്ക്​ സർട്ടിഫിക്കറ്റ്​ നൽകും. വളൻറിയർമാരാകാൻ മാർച്ച്​ വരെയായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.

പുഞ്ചിരിയോടെ സന്ദർശകരെ സ്വീകരിക്കാനാണ്​ തങ്ങളുടെ തീരുമാ​നമെന്നും അതിനായി വളൻറിയർമാർ ഒരുങ്ങിക്കഴിഞ്ഞതായും എക്​സ്​പോ വളൻറിയർ ഡയറക്​ടർ അബീർ അൽ ഹൊസാനി പറഞ്ഞു.

Tags:    
News Summary - 30,000 volunteers prepare for Dubai Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.