ദുബൈ: മോഷണശ്രമത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ദുബൈയിലെ ഉയർന്ന കോടതി. കേസിൽ ദുബൈയിലെ വിചാരണ കോടതി വിധിക്കെതിരെ പ്രതി സമർപ്പിച്ച ഹരജി വ്യാഴാഴ്ച ദുബൈയിലെ പരമോന്നത കോടതി തള്ളുകയായിരുന്നു. ക്രിമിനൽ നടപടിക്രമം അനുസരിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിധി അംഗീകരിച്ചാൽ ശിക്ഷ നടപ്പാക്കുമെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
2020 ജൂൺ 17ന് അർധരാത്രിയാണ് ഗുജറാത്ത് സ്വദേശികളായ ഹിരൻ (48), ഭാര്യ വിദ്യ ആദിത്യ (40) എന്നിവർ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. അറേബ്യൻ റാഞ്ചസിലെ ‘മിറാഡോർ’ പാർപ്പിട സമുച്ചയത്തിൽ വെച്ചായിരുന്നു ക്രൂരകൃത്യം. നിർമാണത്തൊഴിലാളിയായ പാകിസ്താനി പൗരനാണ് പ്രതി. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് അറസ്റ്റിലായ പ്രതിക്ക് ദുബൈ വിചാരണ കോടതി കഴിഞ്ഞ വർഷം ഏപ്രിലിൽ വധശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകി ഹരജിയാണ് ഉയർന്ന കോടതി വ്യാഴാഴ്ച തള്ളിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 2020 ജൂൺ 17ന് രാത്രി മോഷണത്തിനായി അറേബ്യൻ റാഞ്ചസിലെ വീട്ടിലെത്തിയ പ്രതി ദമ്പതികൾ ഉറങ്ങുന്നതു വരെ നാലു മണിക്കൂറോളം വീടിന് പുറത്ത് ഒളിച്ചിരുന്നു.
രണ്ടു വർഷം മുമ്പ് ഇതേ വീട്ടിൽ അറ്റകുറ്റപ്പണികൾക്ക് വന്നസമയം വീട്ടിലെ സ്വർണവും പണവും ഇയാൾ കണ്ടുവെച്ചിരുന്നു. വീട്ടിലെ ലൈറ്റുകൾ ഓഫായശേഷം തുറന്നുകിടന്ന നടുമുറ്റത്തെ വാതിലിലൂടെ അകത്തുകടന്നു. തുടർന്ന് താഴത്തെ നിലയിലെ വാലറ്റിൽനിന്ന് 1,965 ദിർഹം മോഷ്ടിച്ചശേഷം മുകൾ നിലയിലേക്കുപോയി. അവിടെ ദമ്പതികളുടെ ബെഡ്റൂമിൽ കടന്ന് അലമാരയിലെ പണം കവരുന്നതിനിടെ ശബ്ദം കേട്ട് ഹിരൺ ഉണർന്നതും പ്രതി കത്തികൊണ്ട് ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. ആദിത്യയുടെ ശരീരത്തിൽ പത്തു തവണയാണ് കുത്തേറ്റതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിദ്യയുടെ ശരീരത്തിൽ 14 തവണയും കുത്തേറ്റു.
ബഹളം കേട്ട് ഓടിയെത്തിയ 18കാരിയായ മകളെയും പ്രതി ആക്രമിച്ചശേഷമാണ് രക്ഷപ്പെട്ടത്. അനുജത്തിയുടെ സഹായത്തോടെ ഇവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സംഭവസ്ഥലത്ത് എത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. മോഷണത്തിനായി പ്രതി മുൻകൂട്ടി ആസൂത്രണം നടത്തിയതായി കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പരമാവധി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.