ജിദ്ദയിൽ നിർമിക്കുന്ന ലോജിസ്റ്റിക് പാർക്കിന്റെ മാതൃക
ദുബൈ: സൗദി പോർട്ട് അതോറിറ്റിയും (മവാനി) ദുബൈ ആസ്ഥാനമായ ഡി.പി വേൾഡും ചേർന്ന് സൗദിയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്കിന്റെ നിർമാണം ആരംഭിച്ചു. 90 കോടി റിയാൽ ചെലവിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഒരുക്കുന്ന പാർക്ക് അടുത്തവർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചരക്കുവിന്യാസത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് പാർക്കായിരിക്കും ഇത്.
4,15,000 ചതുരശ്ര മീറ്റർ ഗ്രീൻഫീൽഡ് സൗകര്യം, 1,85,000 ചതുരശ്ര മീറ്റർ വെയർഹൗസിങ് സൗകര്യം, വിവിധ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന സ്റ്റോറേജ് യാർഡ് എന്നിവ ഉൾക്കൊള്ളുന്നതാണ് പാർക്ക്. ഒരേസമയം 3.9 ലക്ഷത്തിലധികം കണ്ടയ്നറുകൾ സൂക്ഷിക്കാൻ ശേഷിയുണ്ടായിരിക്കും. ഏറ്റവും നൂതനമായ ചരക്ക് സംഭരണ-വിതരണ സേവനങ്ങളായിരിക്കും പാർക്കിൽ ഒരുക്കുക. ഇത് ഉപഭോക്താക്കൾക്ക് ജിദ്ദയിലേക്കും പുറത്തേക്കും സുഗമമായ ചരക്കുനീക്കത്തിന് സൗകര്യപ്രദമായിരിക്കും.മവാനിയും ഡി.പി വേൾഡും 30 വർഷത്തെ ഉടമ്പടിയിലാണ് ഒപ്പിട്ടിരിക്കുന്നത്. 2022ൽ ഒപ്പുവെച്ച കരാർ പ്രകാരം 2025 രണ്ടാം പാദത്തിൽ നിർമാണം പൂർത്തിയാക്കി പാർക്ക് തുറക്കും. വികസനപ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. വെയർഹൗസിന് മുകളിൽ 20 മെഗാവാട്ട് പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കുന്ന സോളാർ പാനലുകളുടെ ഒരു മേൽക്കൂര ഒരുക്കുന്നുണ്ട്. 2020ൽ ഇരുകൂട്ടരും ഒപ്പുവെച്ച ഒരു കരാർപ്രകാരം സൗത്ത് കണ്ടെയ്നർ ടെർമിനലും പാർക്കിൽ ഒരുക്കും. ടെർമിനലിന്റെ പണി അവസാന ഘട്ടത്തിലാണ്. 2024 അവസാനം പണി പൂർത്തിയാകും. ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ ഫ്രൈറ്റ് ഫോർവേഡിങ് ഓഫിസുകൾ ആരംഭിച്ചതിന് പിന്നാലെയാണ് ലോജിസ്റ്റിക് സൗകര്യവുമായി ഡി.പി വേൾഡ് സൗദിയിൽ അതിന്റെ ലോജിസ്റ്റിക് രംഗം വിപുലീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.