ദുബൈ: കുടുംബ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികളുമായി ദുബൈ. എമിറേറ്റിലെ 90 ശതമാനം സ്വകാര്യ കമ്പനികളും കുടുംബങ്ങളുടെ ഉടമസ്ഥതയിലാണ് നിലവിലുള്ളത്. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വളരെ ശക്തമായ സാന്നിധ്യമായ ഇത്തരം ബിസിനസുകൾക്ക് കൂടുതൽ വളരാനും അതിവേഗത്തിൽ മാറുന്ന ആഗോള സാമ്പത്തിക മേഖലയിൽ മുന്നോട്ടുപോകാനും സഹായിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ബിസിനസ് സൗഹൃദ അന്തരീക്ഷം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തികമായ കരുത്ത് എന്നിവ കുടുംബ ബിസിനസുകൾക്ക് ഏറ്റവും യോജിച്ച ഇടമായി മാറ്റുന്നതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.
കുടുംബ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പരിശീലനവും ആവശ്യമായ നിയമനിർമാണവും കൊണ്ടുവരുമെന്ന് ദുബൈ ചേംബേഴ്സ് ചെയർമാൻ അബ്ദുൽ അസീസ് അൽ ഗുറൈർ പ്രസ്താവനയിൽ പറഞ്ഞു.ദുബൈയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 40 ശതമാനവും കുടുംബ ബിസിനസുകളുടെ സംഭാവനയാണെന്ന് നേരത്തേ സാമ്പത്തിക വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിൽശക്തിയുടെ 70 ശതമാനവും ഇത്തരം ബിസിനസുകൾക്ക് കീഴിലാണ് വരുന്നത്. റിയൽ എസ്റ്റേറ്റ്, നിർമാണം, ചെറുകിട-മൊത്ത വ്യാപാരം, ഹോസ്പിറ്റാലിറ്റി, ടൂറിസം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെല്ലാം കുടുംബ ബിസിനസുകൾ സജീവ സാന്നിധ്യമാണ്.
എന്നാൽ, പുതുതായി ഉയർന്നുവരുന്ന ഡിജിറ്റലൈസേഷൻ, സാംസ്കാരിക പ്രശ്നങ്ങൾ, ഭരണ-പിന്തുടർച്ചാവകാശ ആസൂത്രണം എന്നീ മേഖലകളിൽ ഇത്തരം ബിസിനസുകൾ പ്രതിസന്ധികളും നേരിടുന്നുണ്ട്. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിന് ആവശ്യമായ സഹായങ്ങളും നിയമനിർമാണവുമാണ് അധികൃതർ നൽകാൻ ലക്ഷ്യമിടുന്നത്. മാസങ്ങൾക്കുമുമ്പ്, കുടുംബ ബിസിനസുകളെ സഹായിക്കുന്നത് ലക്ഷ്യമിട്ട് ദുബൈ ചേംബേഴ്സ്, ദുബൈ സെന്റർ ഫോർ ഫാമിലി ബിസിനസ് എന്ന പേരിൽ പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിരുന്നു. നേതൃമാറ്റം, പിന്തുടർച്ചാവകാശ ആസൂത്രണവും വളർച്ചയും എന്നീ കാര്യങ്ങളിൽ ബിസിനസുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകലാണിത് ലക്ഷ്യമിടുന്നത്.
ഈ മാസം പിന്തുടരാവകാശ പ്രക്രിയ സുഗമമാക്കുന്നതിന് സഹായിക്കുന്ന മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിക്കുകയുമുണ്ടായി. ഇത്തരത്തിൽ സംവിധാനങ്ങൾ ഒരുക്കിയതിലൂടെ വരും വർഷങ്ങളിൽ യു.എസ്, യു.കെ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി, സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബ ബിസിനസുകാർ ദുബൈയിലേക്ക് കൂടുമാറുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.