ദുബൈ: തുടർച്ചയായ ഒമ്പതാം വർഷവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും തിരക്കുള്ള വിമാനത്താവളമെന്ന നേട്ടം നിലനിർത്തി ദുബൈ. 2022ലെ കണക്കുകൾ വിലയിരുത്തി എയർപോർട്സ് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദുബൈ വിമാനത്താവളത്തിന്റെ യാത്രക്കാരുടെ എണ്ണം മുൻവർഷത്തേക്കാൾ ഇരട്ടിയായി 6.6 കോടി പിന്നിട്ടു. കോവിഡിന് ശേഷം അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളിൽ വമ്പിച്ച തിരിച്ചുവരവാണ് വിമാനത്താവളം അടയാളപ്പെടുത്തിയത്. മാത്രമല്ല, 2023ൽ യാത്രക്കാരുടെ എണ്ണം 7.8 കോടിയിലെത്തുമെന്നും പ്രവചിക്കപ്പെടുന്നുണ്ട്.
2021നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 127 ശതമാനത്തിന്റെ വർധനയാണ് ദുബൈ വിമാനത്താവളത്തിലുണ്ടായത്. വർഷത്തിന്റെ നാലാം പാദത്തിൽ കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് പൂർണമായും സേവനങ്ങൾ എത്തുകയും ചെയ്തിട്ടുണ്ട്. തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈയെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നതിൽ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്ത് പറഞ്ഞു. 2022ൽ വിമാനയാത്രക്കാരുടെ ആവശ്യം ലോകത്ത് എല്ലായിടത്തും വർധിച്ചിട്ടുണ്ട്. എന്നാൽ, ദുബൈയെ വേറിട്ടു നിർത്തിയത് ആളുകളുടെ അർപ്പണബോധവും ഓരോ സേവന പങ്കാളിയുടെയും കൃത്യമായ ആസൂത്രണവും തയാറെടുപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.സി.ഐയുടെ റിപ്പോർട്ട് അനുസരിച്ച് ലണ്ടനിലെ ഹീത്രൂ (5.8 കോടി), ആംസ്റ്റർഡാം (5.2 കോടി), പാരിസ് (5.1 കോടി), ഇസ്തംബുൾ (4.8 കോടി) തുടങ്ങിയവയാണ് തിരക്കുള്ള മറ്റ് മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലുള്ളത്. ഏറ്റവും പുതിയ ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ(അയാട്ട) ഡാറ്റ പ്രകാരം കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2023 ഫെബ്രുവരിയിൽ 89.7 ശതമാനം വളർച്ച കാണിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈ വർഷം അന്താരാഷ്ട്ര യാത്രക്കാരുടെ തിരക്ക് പ്രവചിക്കപ്പെട്ടതിനേക്കാൾ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.