ദുബൈ: കോവിഡ് എന്ന കറുത്ത പൊട്ടിനെ മായ്ച്ചുകളയേണ്ട സമയം അതിക്രമിെച്ചന്നും അതിജീവനവഴിയിൽ ഒരുമിച്ചുനീങ്ങാമെന്നും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 'ഗൾഫ് മാധ്യമവും' ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും കൈകോർക്കുന്ന 'ന്യൂ വേൾഡ്, ന്യൂ ഹോപ്പ്' ആരോഗ്യ കാമ്പയിൻ പ്രഖ്യാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽപോലും അനുഭവിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത കാഴ്ചകളാണ് ദിവസവും മുന്നിൽ തെളിയുന്നത്. കോവിഡ് മഹാമാരി അത്രമേൽ നമ്മെ മാറ്റിമറിച്ചിരിക്കുന്നു.ആരോഗ്യമേഖലയിൽ മാത്രമല്ല, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വാണിജ്യ, വിനോദസഞ്ചാര മേഖലകളെയെല്ലാം അടിമുടി മാറ്റിമറിച്ചാണ് മഹാമാരിയുടെ പ്രയാണം.
ഇതിന് മുന്നിൽ പകച്ചുനിൽക്കുകയല്ല, പോരടിക്കുകയാണ് നാം ചെയ്യേണ്ടത്. അതുതന്നെയാണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നതും. കോവിഡിനെ മറികടക്കാൻ വാക്സിൻ മാത്രമല്ല പരിഹാരം, മനക്കരുത്തും ആരോഗ്യസംരക്ഷണവും ജീവിതശൈലിയുമെല്ലാം ക്രമീകരിച്ചെങ്കിൽ മാത്രമേ മഹാമാരിയെ നമുക്ക് മറികടക്കാനാവൂ. കോവിഡ് കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കുള്ളിലാണ് ഇനി നമ്മുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിനുള്ളിൽ നിന്നുകൊണ്ട് സന്തോഷം നിറഞ്ഞ, സുരക്ഷിതമായ, സമാധാനമുള്ള, ആരോഗ്യദായകമായ ജീവിതശൈലിയുണ്ടാക്കിയെടുക്കുക എന്നതാണ് ഇനിയുള്ള പരിഹാരം.
ഇതിലേക്ക് പ്രവാസിസമൂഹത്തെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടാണ് ഗൾഫ് മാധ്യമത്തോടൊപ്പം ചേർന്ന് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനാവശ്യമായ നിർദേശങ്ങൾ നൽകി ഗൾഫ് മാധ്യമം വായനക്കാർക്കൊപ്പം ഞങ്ങളുമുണ്ടാവും.ആരോഗ്യ കാമ്പയിനുകളും മെഡിക്കൽ ക്യാമ്പുകളും പ്രത്യേക പാക്കേജുകളും വെബിനാറുകളും ടെലിമെഡിസിൻ സംവിധാനവും ആരോഗ്യപദ്ധതികളുമെല്ലാം ഇതിെൻറ ഭാഗമായി നിങ്ങളിലേക്കെത്തും.
കോവിഡ് കാലത്തും അതിനു മുമ്പും പ്രവാസികളോടൊപ്പം ചേർന്നുനിന്ന്, അവരിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഗൾഫ് മാധ്യമവും ആസ്റ്ററും. നാട്ടിലെത്താൻ കഴിയാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് സൗജന്യമായി ടിക്കറ്റ് നൽകി അവരെ നാട്ടിലെത്തിക്കുന്നതിന് ഗൾഫ് മാധ്യമം നടത്തിയ 'മിഷൻ വിങ്സ് ഓഫ് കംപാഷൻ' പദ്ധതി എടുത്തുപറയേണ്ടിയിരിക്കുന്നു. ജീവൻപോലും വകവെക്കാതെ കോവിഡ് ബാധിതർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുെട ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിച്ച ആസ്റ്ററിലെ ആരോഗ്യപ്രവർത്തകരെയും അഭിനന്ദിക്കാൻ ഈ സമയം ഉപയോഗപ്പെടുത്തുന്നു.
പതിറ്റാണ്ടുകളായി പ്രവാസികളുമായി ഇത്രയേറെ ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങൾ ഒരിക്കൽ കൂടി പ്രവാസികൾക്കായി കൈകോർക്കുകയാണ് 'ന്യൂ വേൾഡ്, ന്യൂ ഹോപ്പ്' കാമ്പയിനിലൂടെ. ആകുലതകളിൽനിന്ന് ആശ്വാസത്തിലേക്ക്, പ്രശ്നങ്ങളിൽനിന്ന് പ്രതീക്ഷകളിലേക്ക് നമുക്കൊരുമിച്ച് നടക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.