അബൂദബി: അല്‍ദഫ്റ മേഖലയില്‍ ബുധനാഴ്ച ആരംഭിച്ച പത്തൊമ്പതാമത് ലിവ ഈത്തപ്പഴ ഫെസ്റ്റിവലില്‍ ഇതുവരെയെത്തിയത് 34,000 സന്ദര്‍ശകര്‍. അബൂദബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിയും അബൂദബി ഹെറിറ്റേജ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേള ജൂലൈ 30നാണ് സമാപിക്കുക. ഉൽപാദകരെയും വ്യാപാരികളെയും നിക്ഷേപകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന മേളയില്‍ 293 പ്രധാന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മൊത്തം 83 ലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസും മത്സരങ്ങളിലെ വിജയികള്‍ക്കായി കൈമാറും.
രാജ്യത്തിന്റെ സാംസ്കാരിക, പൈതൃക, സാമ്പത്തിക ജീവിതത്തില്‍ ഈത്തപ്പഴം ഏതൊക്കെ നിലയില്‍ സ്വാധീനം ചെലുത്തുന്നുവെന്നത് ഉയര്‍ത്തിക്കാട്ടുന്നതാണ് മേള. മേഖലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അബൂദബിയിലെ സുപ്രധാന പൈതൃക പരിപാടികളിലൊന്നു കൂടിയാണ് ഈത്തപ്പഴ മേളയെന്നതും പ്രത്യേകതയാണ്. യു.എ.ഇയുടെ പൈതൃകം തൊട്ടറിയുന്നതിനായി ഒട്ടേറെ പവിലിയനുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ നിര്‍മിക്കുന്നതും ദേശീയ സ്ഥാപനങ്ങള്‍ തയാറാക്കുന്ന ഉൽപന്നങ്ങളും വില്‍ക്കുന്നതിന് 156 കടകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി ഭക്ഷണശാലകളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.