അബൂദബി: പഞ്ചദിന സന്ദര്‍ശനത്തിന് യു.എ.ഇയിലെത്തിയ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലക്കും ഒപ്പമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അബൂദബിയില്‍ സ്വീകരണം. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിനിധിസംഘത്തെ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം ഐഷ മുഹമ്മദ് സഈദ് അല്‍ മുല്ലയും സംഘവും സ്വീകരിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും വിമാനത്താവളത്തിലെത്തിയിരുന്നു.
സ്പീക്കർ ഇന്ന് ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിനെ അഭിസംബോധന ചെയ്യും. സുശീല്‍ കുമാര്‍ മോദി, ഡോ. ഫൗസിയ തഹ്സീന് അഹമ്മദ് ഖാന്, ഡോ. എം.കെ. വിഷ്ണുപ്രസാദ്, പി. രവീന്ദ്രനാഥ്, ശങ്കര്‍ ലാല്‍വാനി, ഡോ. രാധാകൃഷ്ണ വിഖേപട്ടീല്‍, ലോക്സഭ സെക്രട്ടറി ജനറല്‍ ഉദ്പാല്‍ കുമാര്‍ സിങ്, ജോയന്റ് സെക്രട്ടറി ഡോ. അജയ് കുമാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
പാര്‍ലമെന്റ് പ്രതിനിധി സംഘം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന െഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം, യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഗോബാഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ സ്മാരകമായ വാഹത്ത് അല്‍ കരാമയില്‍ സംഘം സന്ദര്‍ശനം നടത്തി ആദരവ് അര്‍പ്പിച്ചു. ജീവത്യാഗം ചെയ്തവരുടെ ചരിത്രം വരുംതലമുറയെയും പ്രചോദിപ്പിക്കും. തങ്ങളുടെ ജീവനെക്കാളേറെ രാജ്യത്തെ പൗരന്മാരുടെ ജീവന് വിലമതിക്കുന്ന മുന്നണിപ്പോരാളികളെ സല്യൂട്ട് ചെയ്യുന്നു. വാഹത്ത് അല്‍ കരാമയിലെ സന്ദര്‍ശക ബുക്കില്‍ ലോക്സഭ സ്പീക്കര്‍ കുറിച്ചു. സംഘം ശൈഖ് സായിദ് മോസ്ക്, എഫ്.എന്‍.സി തുടങ്ങിയ ഇടങ്ങളിലും സന്ദര്‍ശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.