അജ്മാൻ: എമിറേറ്റിലെ അൽ നുഐമിയ പ്രദേശത്ത് ഈ വർഷം ആദ്യ പാദത്തിൽ ഒരു വലിയ കുറ്റകൃത്യവും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ്. അൽ നുഐമിയ പൊലീസ് സ്റ്റേഷൻ മേധാവി ലഫ്. കേണൽ മുഹമ്മദ് അബ്ദുല്ല ബൂശഹബ് അൽ സുവൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോധവത്കരണ പരിപാടികൾ വർധിപ്പിച്ചതും സുരക്ഷ ശക്തമാക്കുന്നതിന് സമൂഹവുമായി കൂടുതൽ ഇടപെടുകയും ചെയ്ത നടപടികളുടെ വിജയമാണ് കുറ്റകൃത്യങ്ങൾ കുറയാൻ സഹായിച്ചിട്ടുള്ളത്. സുരക്ഷയിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി യു.എ.ഇയെ മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
അജ്മാനിൽ നടപ്പിലാക്കിയ ‘ദാറുൽ അമാൻ’ പദ്ധതിക്ക് ഈ നേട്ടത്തിൽ സുപ്രധാന പങ്കുണ്ടെന്നും അൽ സുവൈദി പറഞ്ഞു. കുറ്റകൃത്യങ്ങൾ ക്രിയാത്മകമായി ചെറുക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രീതിയാണ് ഇതിൽ സ്വീകരിച്ചിട്ടുള്ളത്. സുരക്ഷ ശക്തിപ്പെടുത്താനും നേട്ടം സ്വന്തമാക്കാനും സാധിച്ചതിന് എല്ലാ പിന്തുണയും നൽകിയ അജ്മാൻ പൊലീസ് ജനറൽ കമാൻഡർ മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.