ദുബൈ: യു.എ.ഇയുടെ അങ്ങിങ്ങോളം ചൊവ്വാഴ്ചയും കനത്ത മഴ തുടർന്നു. തിങ്കളാഴ്ച ഉച്ചക്ക് തുടങ്ങിയ മഴ ചൊവ്വാഴ്ച വൈകീട്ടുവരെ നീണ്ടു. എന്നാൽ, വൈകീട്ടോടെ പലയിടത്തും മഴ ശമിച്ചു. നിർത്താതെ പെയ്ത മഴയിൽ വെള്ളമുയർന്നതോടെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. എല്ലാ എമിറേറ്റുകളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും താൽക്കാലികമായി അടച്ചു. റാസൽഖൈമയിലെ ജബൽ ജൈസിലേക്കുള്ള റോഡ് അടച്ചതായി റാക് പൊലീസ് അറിയിച്ചു. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലെടുക്കണമെന്നും പൊലീസ് നിർദേശിച്ചു. അതേസമയം, ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് വിദൂര ജോലി സംവിധാനം ഏർപ്പെടുത്തി.
വെള്ളക്കെട്ടും ഗതാഗത തടസ്സവുമുള്ളതിനാൽ ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയേക്കുമെന്ന് ഓൺലൈൻ ഭക്ഷണ ഡെലിവറി കമ്പനികൾ ഉപഭോക്താക്കളെ അറിയിച്ചു. പലയിടത്തും ഡെലിവറി തടസ്സപ്പെട്ടിരുന്നു. മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അത്യവശ്യങ്ങൾക്ക് മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങാവൂ എന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഷാർജയിലെ എല്ലാ പാർക്കുകളും തിങ്കളാഴ്ച അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.