റാസൽഖൈമ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ പ്രകടനത്തിൽ മികച്ച പുരോഗതി കൈവരിക്കാനായതായി റാസൽഖൈമ നോളജ് ഡിപ്പാർട്ട്മെന്റ്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗുണനിലവാര വിലയിരുത്തലുകളുടെ ഭാഗമായ സ്കൂൾ പരിശോധനയുടെ ഏറ്റവും പുതിയ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏഴ് സ്കൂളുകൾക്ക് ‘ഗുഡ്’ റാങ്കിങ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ മൂന്ന് സ്കൂളുകൾക്ക് മാത്രമായിരുന്നു ഈ നേട്ടം കൈവരിക്കാനായത്. ഈ വർഷം ‘വെരി ഗുഡ്’ വിഭാഗത്തിലും ഉൾപ്പെടാൻ സാധിച്ചു. വിദ്യാഭ്യാസ മന്ത്രാലയവും എമിറേറ്റിലെ നോളജ് ഡിപ്പാർട്ട്മെന്റും സ്വകാര്യ സ്കൂൾ പങ്കാളികളും സംയുക്തമായി നടത്തിയ ശ്രമങ്ങളിലൂടെയാണ് നേട്ടം കരസ്ഥമാക്കാൻ സാധിച്ചത്. വെരി ഗുഡ് എന്ന റേറ്റിങ് ലഭിച്ച ഏക സ്കൂൾ ഇത്തരത്തിലുള്ള വടക്കൻ എമിറേറ്റിലെ ഏക സ്കൂളാണെന്ന സവിശേഷതയുമുണ്ട്. കൂടാതെ, നിരവധി സ്കൂളുകൾ വിവിധ സൂചകങ്ങളിൽ പ്രതീക്ഷ നൽകുന്ന മുന്നേറ്റം കാണിക്കുകയും ‘ഗുഡ്’ റേറ്റിങ്ങിലേക്ക് അടുത്തുവരികയും ചെയ്തിട്ടുണ്ട്.
നേട്ടം കരസ്ഥമാക്കാൻ പരിശ്രമിച്ച സ്കൂളുകളുടെ സമർപ്പണത്തെ റാസൽഖൈമ നോളജ് ഡിപ്പാർട്ട്മെന്റ് ബോർഡ് അംഗം ഡോ. അബ്ദുർറഹ്മാൻ അൽ നഖ്ബി അനുമോദിച്ചു. ഒരു അധ്യായന വർഷത്തിൽ ഇത്രയും ശ്രദ്ധേയമായ പുരോഗതി കാണുന്നതിൽ സന്തോഷമുണ്ടെന്നും റാസൽഖൈമയിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളുടെയും അർപ്പണബോധവും കഠിനാധ്വാനവും നേട്ടം എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനും തുടർച്ചയായ പുരോഗതിക്കുമുള്ള റാസൽഖൈമയുടെ പ്രതിബദ്ധതയെ ഇത് വ്യക്തമാക്കുന്നു. സ്വകാര്യ സ്കൂൾ ഉടമകൾ, നേതാക്കൾ, അധ്യാപക-അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, സമൂഹം എന്നിവരുടെ പിന്തുണയും സഹകരണവും കൂടാതെ ഇത്തരം ഫലം കൈവരിക്കാനാവില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.