ദുബൈ: ഫലസ്തീൻ എഴുത്തുകാരി അദാനിയ ശിബ്ലിക്ക് പ്രഖ്യാപിച്ച സാഹിത്യ പുരസ്കാരം റദ്ദാക്കിയതിന് പിന്നാലെ യു.എ.ഇയിലെ പ്രമുഖ പ്രസാദകർ ഫ്രാങ്ക്ഫർട്ട് ഇന്‍റർനാഷനൽ ബുക് ഫെയറിൽ നിന്ന് പിൻവാങ്ങി. ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ)യും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷ (ഇ.പി.എ) നുമാണ് രാജ്യാന്തര തലത്തിൽ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്ന ഫ്രാങ്ക്ഫർട്ട് ബുക് ഫെയറിൽ നിന്ന് പിൻവാങ്ങിയത്. 1949ൽ ഇസ്രായേൽ സൈനികരാൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഫലസ്തീനി പെൺകുട്ടിയുടെ കഥപറയുന്ന ‘മൈനർ ഡിറ്റെയ്ൽസ്’ എന്ന നോവലിനാണ് ഫലസ്തീൻ എഴുത്തുകാരിയായ അദാനിയ ശിബ്ലിക്ക് ഫ്രാങ്ക്ഫർട്ട് ബുക് ഫെയർ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇസ്രായേൽ-ഗസ്സ യുദ്ധം ചൂണ്ടിക്കാട്ടി പുരസ്കാരം റദ്ദാക്കുകയായിരുന്നു. തീരുമാനം പുറത്തു വന്നതിന് പിന്നാലെ ബുക് ഫെയറിൽ നിന്ന് പിൻവാങ്ങുന്നതായി എസ്.ബി.എയും ഇ.പി.എയും പ്രഖ്യാപിച്ചു. സംസ്കാരവും, പുസ്തകങ്ങളും പരസ്പരം മനസിലാക്കാനും, സംവദിക്കാനുമുള്ളതാണ് എന്ന നിലപാടുള്ളത് കൊണ്ടാണ് പിൻമാറ്റമെന്ന് അതോറിറ്റി വിശദീകരിച്ചു.
പുരസ്കാരം റദ്ദാക്കിയത് എഴുത്തുകാരിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നായിരുന്നു സംഘാടകർ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് നിലപാട് മാറ്റി. അവാർഡ് ആഘോഷിക്കാനുള്ള സമയമല്ലിതെന്നും ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്നുമായി പിന്നീടുള്ള വിശദീകരണം. 2022ൽ ആണ് നോവലിന്‍റെ ജർമൻ-അറബിക് വിവർത്തനം പ്രസിദ്ധീകരിച്ചത്. ഇതിന്‍റെ ഇംഗ്ലീഷ് പതിപ്പിന് 2021ൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.