ഷാർജ: എമിറേറ്റിലെ വിദ്യാലയങ്ങളും നഴ്സറികളും ഹരിതവത്കരിക്കാനൊരുങ്ങി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയുടെ ചുവടുപിടിച്ചാണ് ഷാർജയിലെ 25 ശതമാനം സ്കൂളുകളും നഴ്സറികളും 2024 അവസാനത്തോടെ പരിസ്ഥിതിസൗഹൃദപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. വിദഗ്ധരുമായി കൂടിയാലോചിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും ആവശ്യമായ പരിശീലനവും നിർദേശങ്ങളും നൽകും. വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ ആരംഭിച്ച ഹരിത വിദ്യാഭ്യാസ പങ്കാളിത്ത സംരംഭവുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതി. ‘ഹരിതവിദ്യാലയങ്ങളും നഴ്സറികളും’ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അധ്യക്ഷ മുഹദ്ദിത അൽ ഹാഷിമി പുതു സംരംഭത്തെ അഭിനന്ദിച്ചു.
വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രധാന പങ്കുവഹിക്കുന്നുവെന്ന് അവർ പറഞ്ഞു. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയും വിദ്യാഭ്യാസ-മാനവ വിഭവശേഷി കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാന്റെ ആഹ്വാനം മുഖവിലക്കെടുത്താണ് എസ്.പി.ഇ.എ ഈ പദ്ധതിക്ക് പ്രത്യേകം ഊന്നൽ നൽകുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കീഴിൽ സംഘടിപ്പിക്കുന്ന കോപ് 28ന് രാജ്യം ആതിഥേയത്വം വഹിക്കുമ്പോൾ, ഹരിത വിദ്യാഭ്യാസ പങ്കാളിത്ത സംരംഭം ഉൾപ്പെടെയുള്ള പരിപാടികൾക്കും സംരംഭങ്ങൾക്കും തലമുറകളിലുടനീളം പാരിസ്ഥിതിക ധാർമികത വളർത്തിയെടുക്കാൻ അദ്ദേഹത്തിന്റെ ആഹ്വാനം ഞങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
‘ഹരിത വിദ്യാലയങ്ങളും നഴ്സറികളും’ പദ്ധതിയിലൂടെ വർധിച്ചുവരുന്ന കാലാവസ്ഥ വെല്ലുവിളികളെ ഫലപ്രദമായി നേരിട്ട് അവയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പരിസ്ഥിതി അവബോധം ഉയർത്തുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് എസ്.പി.ഇ.എ ഡയറക്ടർ അലി അൽ ഹൊസാനി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഊർജവും വിഭവശേഷിയും മെച്ചപ്പെടുത്തൽ, പുനരുപയോഗ സാധ്യതകളിലെ പരിശീലനം, ശരിയായ മാലിന്യ നിർമാർജന രീതികൾ, പരിസ്ഥിതിസൗഹൃദ ഗതാഗത ബദലുകൾ സ്വീകരിക്കുക തുടങ്ങിയവ പദ്ധതിയിൽ ഉൾക്കൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.