അൽഐൻ: ചൂട് കഠിനമാകുമ്പോഴും മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്നതാണ് അൽഐനിലെ ഈന്തപ്പന തോട്ടങ്ങൾ. ഈ തോട്ടങ്ങളിലിപ്പോൾ തേനൂറും ഈത്തപ്പഴങ്ങൾ പഴുത്ത് പാകമായി തുടങ്ങിയിരിക്കുന്നു. അൽഐൻ നഗരത്തോട് ചേർന്ന് ധാരാളം ഈന്തപ്പന തോട്ടങ്ങളുണ്ട്. തോട്ടങ്ങളിലും റോഡരികിലും മഞ്ഞയും ചുവപ്പും നിറങ്ങളിൽ പഴുത്തു പാകമായി നിൽക്കുന്ന ഈന്തപ്പനകളിലെ കുലകൾ മനോഹരകാഴ്ചയാണ്.
തോട്ടങ്ങൾ വിളവെടുപ്പിന് പാകമായതോടെ മാർക്കറ്റിൽ അവയുടെ വിപണനവും സജീവമായി. പകുതി പഴുപ്പെത്തിയ ഖലാസും പഴുത്ത് മൃദുലമായ റുത്തബുമാണ് വിപണിയിൽ എത്തിത്തുടങ്ങിയത്. സീസണിന്റെ തുടക്കത്തിൽ ഒമാനിൽനിന്നാണ് ഈത്തപ്പഴം എത്തുന്നത്. ഒമാൻ സ്വദേശികൾ അൽഐൻ വിപണിയിൽ നേരിട്ടെത്തി കച്ചവടം നടത്തുന്നുണ്ട്. സീസണിന്റെ തുടക്കത്തിൽ ഒമാനികൾ മാത്രമാണ് റുത്തബുകൾ കച്ചവടം നടത്തിയിരുന്നത്. ആ സമയത്ത് കൂടിയ വിലക്കാണ് ഇവ കച്ചവടം ചെയ്തിരുന്നത്.
തുടക്കത്തിൽ ഒരു മന്നിന് (നാലു കിലോ തൂക്കം) 400 ദിർഹം മുതൽ 500 ദിർഹം വരെയായിരുന്നു വില. അൽഐനിലെ തോട്ടങ്ങളിൽ വിളവെടുപ്പ് വ്യാപകമാകുന്നതോടെ മാർക്കറ്റിലെ സ്ഥിരം ഈത്തപ്പഴ കച്ചവടക്കാരും ഇതേറ്റെടുക്കും. കഴിഞ്ഞ ആഴ്ച മാർക്കറ്റിൽ മന്നിന് 160 ദിർഹം മുതൽ 200 ദിർഹം വരെയായിരുന്നു വില. വലിയ ഇനം റുതബുകൾക്ക് കിലോക്ക് 100 ദിർഹം വരെ നൽകേണ്ടിയിരുന്നു. ഇപ്പോൾ അൽഐനിലെ തോട്ടങ്ങളിലും ഈത്തപ്പഴം പഴുത്ത് തുടങ്ങിയിരിക്കുന്നു. അതോടെ ഒമാനിൽനിന്നുള്ള വരവു കുറഞ്ഞുതുടങ്ങി. വിലയും ഗണ്യമായി കുറഞ്ഞു. മന്നിന് 70 ദിർഹം മുതൽ 100 ദിർഹം വരെയാണ് ഇപ്പോൾ വില. അൽഐനിലെ ഈത്തപ്പഴങ്ങൾക്കാണ് രുചി കൂടുതൽ. സ്വദേശികൾ മാർക്കറ്റിൽ നേരിട്ടെത്തിയാണ് റുത്തബ് വാങ്ങുക.
ഒമാനിലെ തോട്ടങ്ങളിൽനിന്ന് വരുന്ന നെഗാൾ, ജെഷ്വ എന്നീ ഇനങ്ങളാണ് പ്രധാനമായും വിപണിയിൽ തുടക്കത്തിൽ ലഭ്യമായിരുന്നത്. ഇപ്പോൾ ഖനീജ്, ഹിലാൽ, ലുലു തുടങ്ങിയ ഇനങ്ങളും വിപണിയിൽ എത്തുന്നുണ്ട്. സ്വദേശികൾ നേരിട്ടെത്തിയാണ് റുത്തബുകൾ വാങ്ങുന്നത്. നാട്ടിൽ പോകുന്ന മലയാളികളും കൊണ്ടുപോകുന്ന പ്രധാന ഇനമാണ് ഇത്. പഴുത്ത് പാകമായ റുത്തബ് ഈത്തപ്പഴങ്ങൾക്ക് രുചിയും മധുരവും കൂടുതലാണ്. ഇവകൂടാതെ കിമ്രി എന്ന പേരിലറിയപ്പെടുന്ന പഴുക്കാത്ത ഇനവും തമർ എന്ന പേരിലറിയപ്പെടുന്ന ഉണങ്ങിയ ഈത്തപ്പഴവും വിപണിയിൽ ലഭ്യമാണ്.
ഈത്തപ്പഴത്തിന്റെ സീസണിൽ തന്നെയാണ് യു.എ.ഇയിലും ഒമാനിലും മാമ്പഴവും വിളവെടുപ്പ് നടത്തുന്നത്. റുത്തബുകൾക്കൊപ്പം വിൽപനക്കെത്തുന്ന മറ്റൊരു പ്രധാന ഇനമാണ് മാമ്പഴം. രുചിയും മധുരവും ഗുണങ്ങളും കൊണ്ട് സമ്പന്നമായ റുത്തബുകൾക്കും മാമ്പഴങ്ങൾക്കും ആവശ്യക്കാർ ഏറെയാണെന്നാണ് വർഷങ്ങളായി അൽ ഐൻ മാർക്കറ്റിൽ ഈത്തപ്പഴ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി അബ്ദുറഹീം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.