ദുബൈ: യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം കൈമാറാൻ എതിർപ്പില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ. കരാറുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സെനറ്റ് നേരത്തെ തന്നെ അംഗീകരിച്ചിട്ടും കടുത്ത ഉപാധികൾ ഉന്നയിച്ച് വിമാന കൈമാറ്റം യു.എസ് വൈകിക്കുന്നതായ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം.
എന്നാൽ, കൈമാറ്റം എന്നുനടക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. കരാർ നടപ്പായാൽ എഫ് 35 പോർവിമാനം സ്വന്തമാക്കുന്ന ആദ്യ അറബ് രാജ്യം യു.എ.ഇയാകും. ഇടപാടുമായി ബന്ധപ്പെട്ട് പുതുതായി ചില ഉപാധികൾകൂടി ബൈഡൻ ഭരണകൂടം മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ ആൻറണി ബ്ലിൻകൻ വിസമ്മതിaച്ചു.
പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരം വിടുന്നതിന് തൊട്ടുമുമ്പാണ് യു.എസ് സെനറ്റിൽ ബിൽ പാസാക്കിയത്. എഫ് 35 ജെറ്റുകൾ, ഡ്രോൺ, ആയുധങ്ങൾ തുടങ്ങിയവ 23 ബില്യൺ ഡോളറിെൻറ ഇടപാടാണ് നടന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ യുദ്ധവിമാനങ്ങളിൽ ഒന്നാണ് എഫ് 35. ലോഖീദ് മാർട്ടിൻ കമ്പനി നിർമിച്ച വിമാനത്തിൽ അതിനൂതന ഡേറ്റ ശേഖരണ ഉപകരണങ്ങളും ഉന്നതനിലവാരമുള്ള സെൻസറുകളുമുണ്ട്. വ്യോമാക്രമണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും ആകാശ പോരാട്ടങ്ങൾക്കും ഏറെ ഉപകരിക്കുന്നതാണ് എഫ് 35. 50 വിമാനങ്ങളാണ് യു.എ.ഇ വാങ്ങുക. മധ്യപൂർവ ദേശത്ത് ഇസ്രായേലിന് മാത്രമാണ് നിലവിൽ എഫ് 35 യുദ്ധവിമാനം സ്വന്തമായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.