ദുബൈ: വിദേശ രാജ്യങ്ങളിൽ നിന്ന് അടിയന്ത ര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്നവർക്ക് ഏർപെടുത്തിയിരുന്ന ഇളവ് കേന്ദ്ര സർക്കാർ ഒഴിവാക്കി. എയർ സുവിധയിൽ ഏർപെടുത്തിയിരുന്ന പ്രത്യേക ഓപ്ഷനാണ് വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയത്.
ഇതോടെ, മരണം പോലുള്ള കാര്യങ്ങൾക്ക് അടിയന്തിരമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി എയർ സുവിധയിൽ അപ്ലോഡ് ചെയ്യേണ്ടി വരും. ഒക്ടോബർ 20 മുതൽ നിലവിൽ വന്ന പുതിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവർ യാത്രക്ക് മുൻപ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിെൻറ നിബന്ധന. വ്യക്തി വിവരങ്ങൾക്ക് പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലവും അപ്ലോഡ് ചെയ്യണം. എന്നാൽ, അടിയന്തിര ആവശ്യങ്ങൾക്ക് പോകുന്നവർക്ക് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നില്ല.
പകരം, എയർസുവിധയുടെ സൈറ്റിൽ എക്സംപ്ഷൻ എന്ന ഭാഗത്ത് മരണ സർട്ടിഫിക്കറ്റ് ഉൾപെടെയുള്ളവ അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. ഇതാണ് ഒഴിവാക്കിയിരിക്കുന്നത്. വെബ് സൈറ്റിൽ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി 'എയർ സുവിധയിലെ എക്സംപ്ഷൻ ഫോം നിർത്താലാക്കി' എന്നാണ് നൽകിയിരിക്കുന്നത്. ഇതോടെ, പെട്ടന്നുള്ള ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർക്ക് കോവിഡ് പരിശോധന നടത്തി ഫലം ലഭിക്കാനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.
പ്രിയപ്പെട്ടവർ മരണപ്പെട്ടാൽ പോലും എളുപ്പത്തിൽ എത്താൻ കഴിയില്ല. പല രാജ്യങ്ങളിലും പത്ത് മണിക്കൂറിലേറെ വേണം ഫലം ലഭിക്കാൻ. 24 മണിക്കൂർ വരെയാണ് ആശുപത്രി അധികൃതർ പറയുന്ന സമയം. നാട്ടിലെ വിമാനത്താവളങ്ങളിൽ വേറെ പരിശോധന നടത്തുേമ്പാഴും വിദേശത്തുനിന്ന് പരിശോധന നടത്തണമെന്ന കടുംപിടിത്തം സർക്കാർ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.