ചെറു കാർ വിപണി ഭരിക്കാൻ കിയ റേ ഇ.വി; സംഗതി കൊറിയനായതിനാൽ എതിരാളികൾ പേടിക്കണം

ഇന്ത്യയിൽ തൊട്ടതെല്ലാം പൊന്നാക്കിയ കമ്പനിയാണ്​ കിയ മോട്ടോർസ്​. ആഗോള വിപണിയിലും കിയയുടെ പാരമ്പര്യം അത്ര മോശമല്ല. ഇലക്​ട്രിക്​ വിപണിയിലും വലിയ മുന്നേറ്റം ഈ വാഹനനിർമാതാക്കൾ കാഴ്​ച്ചവച്ചിട്ടുണ്ട്​. ഇപ്പോഴിതാ തങ്ങളുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാർ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി. കിയ റേ എന്നാണ്​ പുതിയ വാഹനത്തിന്‍റെ പേര്​.

റേ ഇ.വിയുടെ ചരിത്രം പരിശോധിച്ചാൽ അതൊരു പുതിയ വാഹനമല്ലെന്ന്​ മനസിലാകും. ദക്ഷിണ കൊറിയയിലും മറ്റ് രാജ്യങ്ങളിലും വര്‍ഷങ്ങളായി വില്‍ക്കപ്പെടുന്ന മിനി കാറാണ് റേ. 2011 ഡിസംബറിലാണ് റേയുടെ ഇലക്ട്രിക് പതിപ്പ് ആദ്യമായി വിപണിയില്‍ എത്തിയത്. കൊറിയയിലെ ആദ്യത്തെ ഓള്‍ ഇലക്ട്രിക് കാറായിരുന്നു ഇത്. അക്കാലത്ത് 139 കിലോമീറ്റര്‍ റേഞ്ച് മാത്രം നല്‍കിയിരുന്ന വാഹനം ആഭ്യന്തര നഗര യാത്രകള്‍ക്കായി ഡിസൈന്‍ ചെയ്ത മിനി കാര്‍ ആയിരുന്നു. റേഞ്ച് കുറവായതിനാലും പൊതു ചാര്‍ജിങ്​ സംവിധാനങ്ങള്‍ പരിമിതമായതിനാലും റേ അക്കാലത്ത് അത്ര ക്ലിക്കായില്ല. അതേത്തുടര്‍ന്ന് 2018-ല്‍ ഈ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

മാറിയ സാഹചര്യത്തില്‍ ​അടിമുടി മാറ്റങ്ങളുമായാണ്​ റേ എത്തുന്നത്​. ഏകദേശം 20,500 ഡോളര്‍ (17 ലക്ഷം രൂപ) വിലയിലാണ് കിയ റേ ഇവിയുടെ 2023 എഡിഷന്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ വിപണി സാഹചര്യങ്ങളുമായി നോക്കുമ്പോൾ റേക്ക്​ അൽപ്പം വില കൂടുതലാണെന്ന്​ പറയേണ്ടിവരും.

സമീപകാലത്ത് ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ അവതരിപ്പിച്ച എം.ജി കോമെറ്റ്​, ടാറ്റ ടിയാഗോ തുടങ്ങിയ വാഹനങ്ങളായിരിക്കും റേയുടെ പ്രധാന എതിരാളികൾ. അപ്ഡേറ്റഡ് കിയ റേ ഇവിക്ക് 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോളം-ടൈപ്പ് ഇലക്ട്രോണിക് ഷിഫ്റ്റ് ലിവര്‍, സെന്‍ട്രല്‍ ക്ലസ്റ്ററിലെ പുതിയ എസി ഡിസ്​പ്ലേ, അധിക സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവ ലഭിക്കും. ഇ.വിക്കുള്ളിലെ എല്ലാ സീറ്റുകളും മടക്കിവെക്കാവുന്നതാണ്.

മുമ്പുണ്ടായിരുന്ന ചെറിയ 16.4 kWh യൂണിറ്റിന് പകരം വലിയ 35.2 kWh ബാറ്ററി പായ്ക്ക് ആണ് ഇനി കിയ റേ ഇവിക്ക് കരുത്തേകുക. മുമ്പ് കിയ റേ ഇവിക്ക് 138 കിലോമീറ്റര്‍ റേഞ്ച് ആയിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഇലക്ട്രിക് കാര്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 205 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

7 kW ചാര്‍ജര്‍ ഉപയോഗിച്ച്​ ഏകദേശം ആറ് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. 150 kW ചാര്‍ജിങ്​ ഡോക്കുകള്‍ ഉപയോഗിച്ച് 40 മിനിറ്റില്‍ ഇവി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. മൊത്തം പവര്‍ ഔട്ട്പുട്ടിലും വര്‍ധനവുണ്ട്. ഇപ്പോള്‍ ഇവി 86 bhp പവറും 146 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കും. പുതിയ വാഹനം എന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന്​ കിയ വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - 2023 Kia Ray EV officially revealed, gets a cute design but a cuter price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.