അഞ്ചാം തലമുറ സിറ്റിയുടെ പരിഷ്‍കരിച്ച മോഡൽ പുറത്തിറക്കി ഹോണ്ട. ബേസ് പെട്രോൾ മാനുവൽ മോഡലിന് 11.49 ലക്ഷം രൂപയും ഏറ്റവും ഉയർന്ന സിറ്റി ഹൈബ്രിഡ് വേരിയന്റിന് 20.39 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സിറ്റിയ്ക്ക് 35,000 രൂപയോളം വില കൂടുതലാണ്. നാലു വകഭേദങ്ങളിലായി പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്ക്, ഹൈബ്രിഡ് എൻജിനുകളിൽ വാഹനം ലഭിക്കും.
നേരത്തെ പുതിയ സിറ്റിയുടെ ബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. 5000 രൂപ നൽകി ഓൺലൈനായോ 21000 രൂപ നൽകി ഡീലർഷിപ്പ് വഴിയോ ബുക്ക് ചെയ്യാം. പെട്രോൾ മാനുവലിന്റെ എസ്‍വി വകഭേദത്തിന് 11.49 ലക്ഷം രൂപയും വി വകഭേദത്തിന് 12.37 ലക്ഷം രൂപയും വിഎക്സ് വകഭേദത്തിന് 13.49 ലക്ഷം രൂപയും ഇസഡ്എക്സ് വകഭേദത്തിന് 14.72 ലക്ഷം രൂപയുമാണ് വില. പെട്രോൾ ഓട്ടമാറ്റിക്ക് പതിപ്പിന്റെ വി വകഭേദത്തിന് 13.62 ലക്ഷം രൂപയും വിഎക്സ് വകഭേദത്തിന് 14.74 ലക്ഷം രൂപയും ഇസഡ് എക്സ് വകഭേദത്തിന് 15.97 ലക്ഷം രൂപയുമാണ് വില. രണ്ടു വകഭേദങ്ങളിൽ മാത്രം ലഭിക്കുന്ന പെട്രോൾ ഹൈബ്രിഡ് പതിപ്പിന്റെ വി വകഭേദത്തിന് 18.89 ലക്ഷം രൂപയും ഇസഡ് എക്സ് പതിപ്പിന് 20.39 ലക്ഷം രൂപയും വിലവരും.
മാറ്റങ്ങൾ
അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായാണ് പുതിയ സിറ്റി ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. ബംബർ, മുൻ ക്രോം ബാർ, ഗ്രിൽ ഡിസൈൻ, അലോയ് എന്നിവയെല്ലാം ഒന്ന് മുഖം മിനുക്കിയിട്ടുണ്ട്. നേരത്തേ ഹൈബ്രിഡ് പതിപ്പിൽ മാത്രമുണ്ടായിരുന്ന എഡിഎസ് ഫീച്ചറുകൾ മാനുവലിലും ഓട്ടമാറ്റിക്കിലും കമ്പനി നൽകിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം, റെയിൻ സെൻസറിങ് വൈപ്പറുകൾ, വയർലെസ് ചാർജർ എന്നിവയും ഫീച്ചറുകളായുണ്ട്.
ലെതർ റാപ്പ്ഡ് സ്റ്റിയറിങ് വീലും ഗിയർ നോബും, പാഡഡ് ഡോർ പാഡുകൾ, ഓട്ടോ-ഡിമ്മിങ് ഐ.ആർ.വി.എം, ഇലക്ട്രിക്കലി ഓപ്പറേറ്റഡ്, ഫോൾഡബിൾ ഒ.ആർ.വി.എം, 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും സെഡാൻ വാഗ്ദാനം ചെയ്യുന്നു.
എഡാസിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയിൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ്‌സ്‌പോട്ട് മോണിറ്ററിങ് എന്നീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.
എഞ്ചിൻ
ഇത്തവണ ഡീസൽ എൻജിൻ സിറ്റിയിൽനിന്ന് ഹോണ്ട ഒഴിവാക്കിയിട്ടുണ്ട്. പെട്രോൾ എൻജിനോടെ മാത്രമാണ് പുതിയ മോഡൽ എത്തിയത്. 121 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ഗിയർബോക്സും നൽകിയിട്ടുണ്ട്. ഇ സിവിടിയുള്ള പെട്രോൾ ഹൈബ്രിഡ് പതിപ്പിന്റെ കരുത്ത് 126 ബിഎച്ച്പിയാണ്. പെട്രോൾ മാനുവലിന് 17.8 ലീറ്റർ ഇന്ധനക്ഷമതയും പെട്രോൾ ഓട്ടമാറ്റിക്കിന് 18.4 ലീറ്റർ ഇന്ധനക്ഷമതയും ഹൈബ്രിഡിന് 27.13 കിലോമീറ്റർ ഇന്ധനക്ഷമതയും ഹോണ്ട വാക്ദാനം ചെയ്യുന്നു.
സിറ്റിയെ മുൻനിർത്തി മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട വലിയ പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. ഇന്ത്യക്കായി നാലാം തലമുറ വെർനയെ ഹ്യുണ്ടായ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പരമ്പരാഗത വൈരികളായ സിറ്റിയും, വെർനയും നേർക്കുനേർ എത്തുമ്പോൾ രാജ്യത്ത് വീണ്ടും സെഡാൻ വിഭാഗം കരുത്താർജിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.