'ശക്തിമാന്' കൃത്രിമ കാലുമായി അമേരിക്കയില്‍ നിന്ന് മൃഗ സ്നേഹി

ന്യൂഡല്‍ഹി: പ്രതിഷേധ പ്രകടനത്തിനിടെ ബി.ജെ.പി എം.എല്‍.എയും സംഘവും കാല്‍ തല്ലിയൊടിച്ച പൊലീസ് കുതിര, ശക്തിമാന് കൃത്രിമ കാലുമായി അമേരിക്കയില്‍ നിന്ന് മൃഗസ്നേഹിയെത്തി. താല്‍ക്കാലികമായി കൃത്രിമ കാല് ഘടിപ്പിച്ച ശക്തിമാന് സ്ഥിരമായുള്ള കൃത്രിമ കാല്‍ ലഭ്യമാണെങ്കില്‍ എത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് കുതിരയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതു കണ്ടാണ് 54 കാരനായ ടിം മേഹണി എന്ന അമേരിക്കക്കാരന്‍ വെര്‍ജീനിയയിലെ കൃത്രിമ കാല്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് കുതിരക്കാല്‍ സംഘടിപ്പിച്ച് ഡെറാഡൂണിലെത്തിയത്. മേഹണി വന്ന് തൊട്ടടുത്ത ദിവസം തന്നെ കൃത്രിമക്കാൽ ശക്തിമാന് ഘടിപ്പിക്കുകയും ചെയ്തു.

മാര്‍ച്ച് 14ന് ഡെറാഡൂണില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തിനിടെയാണ് ശക്തിമാന്‍െറ കാല്‍ ബി.ജെ.പി എം.എല്‍.എ ഗണേശ് ജോഷിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചത്. പൊലീസിനോടുള്ള അരിശം കുതിരയോട് തീര്‍ക്കുകയായിരുന്നു. മുന്‍കാലിന് ഗുരുതര പരിക്കേറ്റ ശക്തിമാന്‍െറ കാല്‍ പിന്നീട് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. കൃത്രിമ കാല്‍ പിടിപ്പിക്കുന്നതില്‍ വിദഗ്ധയായ  അമേരിക്കക്കാരി ജാമീ വോഹനാണ് ശക്തിമാനെ ചികിത്സിക്കുന്നത്.

മുന്‍ കാലിന്‍െറ മുട്ടിന് താഴെ മുറിച്ചു മാറ്റിയ ശക്തിമാന് താല്‍ക്കാലികമായി കൃത്രിമ കാല്‍ ഘടിപ്പിച്ചെങ്കിലും കുതിരക്ക് ഓടാനും ചാടാനും സാധിച്ചില്ല. കുതിരക്ക് കൃത്രിമ കാല്‍ ഘടിപ്പിക്കുന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഭവമാണ്. എന്നാല്‍ അമേരിക്കയില്‍ ഇത് അത്ര അസാധാരണമല്ല.

വെര്‍ജീനിയയില്‍ നിന്ന് കൃത്രിമ കാല്‍ സംഘടിപ്പിച്ച ശേഷം ന്യൂയോര്‍ക്കിലേക്ക് വരികയും അവിടെ നിന്ന് ഇന്ത്യയിലെത്തുകയുമായിരുന്നു മേഹണി. എന്നാല്‍, 12000 കിലോമീറ്റര്‍ സഞ്ചരിച്ചാണെങ്കിലും തന്‍െറ ലക്ഷ്യം നിറവേറ്റാനായതിലെ ചാരിതാര്‍ഥ്യത്തിലാണ് അദ്ദേഹം.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.