കർണാടക സംവരണ ബിൽ മരവിപ്പിച്ചു; വ്യാപക പ്രതിഷേധം ഉ‍യർന്നതോടെയാണ് തീരുമാനം

ബംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബിൽ സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ഐ.ടി മേഖലയിൽനിന്ന് ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം. കൂടിയാലോചനകൾക്കുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ് തലത്തിൽ 50 ശതമാനം കന്നഡ സംവരണം, മാനേജ്‌മെന്‍റ് ഇതര തലത്തിൽ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളിൽ 100 ശതമാനം എന്നിങ്ങനെയാണ് ബില്ലിൽ സംവരണം നിർദേശിച്ചത്.

എന്നാൽ, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു. വ്യവസായ വളർച്ച തടസ്സപ്പെടുത്തുന്ന തീരുമാനമെന്നാണ് ബില്ലിനെ അവർ വിശേഷിപ്പിച്ചത്. ബിൽ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായി നാസ്‌കോം (നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമം കമ്പനികളെ കർണാടകയിൽനിന്ന് തുരത്തുകയും സ്റ്റാർട്ടപ്പുകളെ അടിച്ചമർത്തുകയും ചെയ്യും. മതിയായ വൈദഗ്ധ്യമുള്ള പ്രദേശവാസികളുടെ അഭാവത്തിൽ കമ്പനികൾ സ്ഥലം മാറുന്നതിന് കാരണമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ, ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് പ്രതിഷേധം കനത്തതോടെ നീക്കം ചെയ്തിരുന്നു. ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതിനെക്കുറിച്ചുള്ള പോസ്റ്റാണ് നീക്കം ചെയ്തത്. ‘യുവാക്കൾക്ക് സ്വന്തം നാട്ടിൽ ജോലി ലഭ്യമാക്കി കർണാടകയിൽ തന്നെ സുഖപ്രദമായ ജീവിതം കെട്ടിപ്പടുക്കാൻ അവസരം നൽകണമെന്നാണ് സർക്കാറിന്‍റെ ആഗ്രഹം. കന്നഡ അനുകൂല സർക്കാറാണിത്. കന്നഡക്കാരുടെ ക്ഷേമം സംരക്ഷിക്കുക എന്നതിനാണ് മുൻഗണന’ എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞത്.

Tags:    
News Summary - Karnataka Pauses Bill For Reservation In Private Sector Firms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.