ലവ് ജിഹാദ് ആരോപണങ്ങൾക്കിടെ ഷക്കീലും അഷിതയും വിവാഹിതരായി

മൈസൂരു: തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ പ്രതിഷേധത്തിനിടെ മൈസൂരുവിൽ ഭിന്നമതക്കാരായ എം.ബി.എ ബിരുദധാരികളുടെ വിവാഹം. ഷക്കീൽ അഹ്മദും അഷിതയുമാണ് മൈസൂരുവിലെ ഒരു കൺവെൻഷൻ സെൻററിൽ വിവാഹിതരായത്. ചടങ്ങിന് കുടുംബവും സുഹൃത്തുക്കളും കൂടാതെ ധാരാളം പൊലീസുകാരും സന്നിഹിതരായി. കല്യാണത്തിൻെറ സമയത്ത് വധുവിൻെറ വീടിന് പുറത്ത് ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രതിഷേധം സംഘടിപ്പിച്ചു. മുസ് ലിമായ ഷക്കീൽ ലവ് ജിഹാദിലൂടെ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റാനുള്ള ശ്രമത്തിലാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രണയം മാത്രമാണ് പിന്നിലെങ്കിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ ഇത് നിർബന്ധപൂർവം മതംമാറ്റാനുള്ള ശ്രമമാണെന്നും വി.എച്ച്.പി നേതാവ് ബി. സുരേഷ് പറഞ്ഞു.

എന്നാൽ ഈ പ്രതിഷേധം വിവാഹ ചടങ്ങിലേക്ക് വലിച്ചിഴക്കാൻ കുടുംബം തയാറല്ല. ഇന്ത്യയിൽ എല്ലാവരും തുല്യരാണെന്ന് അഷിതയുടെ പിതാവ് ഡോ. നരേന്ദ്ര ബാബു പറഞ്ഞു. എല്ലാവരും തുല്യരാണ് എന്ന സന്ദേശമാണ് പ്രതിഷേധക്കാർക്ക് നൽകാനുള്ളത്. അവർ അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറെ സന്തോഷം തരുന്ന സന്ദർഭമാണെന്ന് ഷക്കീലിൻെറ പിതാവ് മുഖ്താർ അഹ്മദ് പറഞ്ഞു. എല്ലാവരും ആഘോഷിക്കുമ്പോൾ 0.01 ശതമാനം പേർ പ്രതിഷേധിച്ചിട്ട് എന്ത് കാര്യമാണുള്ളതെന്നും ശർക്കര വ്യാപാരിയായ മുഖ്താർ അഹ്മദ് ചോദിച്ചു.

28കാരായ അഷിതയും ഷക്കീലും വർഷങ്ങളായി പരിചയമുള്ളവരാണ്. അയൽവാസികളാണ് ഇരുവരുടെയും കുടുംബം. സ്കൂളിലും കോളജിലും ഇരുവരും ഒന്നിച്ചായിരുന്നു. 12 വർഷമായി ഇവർ പ്രണയത്തിലാണെന്നും കുടുംബം പറയുന്നു.  വിവാഹം നടക്കുന്നതിന് ദിവസങ്ങൾക്കുമുമ്പു തന്നെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധം ആരംഭിച്ചിരുന്നു.

സംഭവത്തിൽ രണ്ടു പേരെ നേരത്തെ മാണ്ഡ്യയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമായിരുന്നു വിവാഹവേദിയിൽ ഉണ്ടായിരുന്നത്. 700 പേർ ചടങ്ങിൽ പങ്കെടുത്തു. എഴുത്തുകാരൻ കെ.എസ് ഭഗവാനടക്കം സാമൂഹ്യപ്രവർത്തകർ ചടങ്ങിനെത്തി. തൻെറ എഴുത്തുകളിലൂടെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധവും ഭീഷണിയും ലഭിച്ചയാളാണ് കെ.എസ് ഭഗവാൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.