രൂപാഗാംഗുലിക്കെതിരെ അസഭ്യവർഷം; തൃണമൂൽ നേതാവ് പ്രതിക്കൂട്ടിൽ

കൊൽക്കത്ത: രാഷ്ട്രീയത്തിലിറങ്ങുന്ന സ്ത്രീകളെ അപകീർത്തികരമായ പരാമർശങ്ങൾ കൊണ്ട് തറപറ്റിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ പതിവുരീതിയാണ്. പക്ഷെ ഇത്തവണ അതുണ്ടായിരിക്കുന്നത് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിൽ നിന്നാണെന്നത് അൽപം അദ്ഭുതത്തിന് ഇടനൽകുന്നു എന്നുമാത്രം. മഹാഭാരത സീരിയലിൽ ദ്രൗപദിയായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ മനം കവർന്ന രൂപാ ഗാംഗുലിയെയാണ് തൃണമൂലിലെ റസാക്ക് മുല്ല തരംതാണ അപകീർത്തികരമായ പരാമർശത്തിലൂടെ സ്വഭാവഹത്യ നടത്തിയത്.

"അവർ ശരിക്കും ‍ഒരു ദ്രൗപദി തന്നെയാണ്. അവൾ വലിക്കുന്ന സിഗരറ്റിന്‍റെ നീളം പോലും എനിക്കറിയാം" എന്നായിരുന്നു റസാക്ക് മുല്ല പ്രസംഗിച്ചത്. ഇടതുപക്ഷ സർക്കാറിൽ മന്ത്രിയായിരുന്ന ഇദ്ദേഹം 2014ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേരുകയുമായിരുന്നു.

ബംഗാളിലെ മുഖ്യമന്ത്രിയും പാർട്ടിയും സ്ത്രീകളോട് എന്താണ് ചെയ്യുന്നതെന്നാണ്  പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് രൂപാ ഗാംഗുലി ഇതിനോട് പ്രതികരിച്ചു. പ്രചരണ രംഗത്ത് ശ്രദ്ധ ലഭിക്കുന്നതിനായാണ് റസാക്ക് മുല്ല പ്രമുഖ വ്യക്തികൾക്കെതിരെ വിലകുറഞ്ഞ പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും രൂപ കുറ്റപ്പെടുത്തി.

മൊല്ലക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. ഹൗറ നോർത് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ മുൻ ക്രിക്കറ്റ് താരം ലക്ഷ്മി രത്തൻ ശുക്ളക്കെതിരെയാണ് രൂപാ ഗാംഗുലി മത്സരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.