വഖഫ് കെട്ടിടങ്ങളില്‍ വാടക കൂട്ടിനല്‍കാത്തവര്‍ക്കെതിരെ നടപടി

കോഴിക്കോട്: വഖഫ് കെട്ടിടങ്ങളില്‍ വാടക കൂട്ടിനല്‍കാത്തവരെ കൈയേറ്റക്കാരായി കണ്ട് കേസെടുക്കണമെന്ന് വഖഫ് നിയമത്തില്‍ 2013ല്‍ വരുത്തിയ ഭേദഗതി പ്രകാരം സംസ്ഥാനത്ത് ആയിരക്കണക്കിന് വഖഫ് സ്വത്തുക്കളില്‍ നിയമനടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസിറുദ്ദീന്‍െറ മിഠായിതെരുവിലെ കടയുടെ വാടക വഖഫ് ബോര്‍ഡ് ഇടപെടലിനത്തെുടര്‍ന്ന് പത്തിരട്ടിയാക്കി വര്‍ധിപ്പിച്ചു. നസിറുദ്ദീന്‍ വര്‍ഷങ്ങളായി ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുന്ന കട തങ്ങളുടെ വഖഫ് സ്വത്താണെന്നും വാടകക്കരാറിന്‍െറ കാലാവധി കഴിഞ്ഞ് അന്യായമായി കൈവശം വെച്ചിരിക്കുകയാണെന്നും കാണിച്ച് കോഴിക്കോട്ടെ പുതിയ പൊന്‍മാണിച്ചിന്‍റകം വഖഫ് മുതവല്ലി നല്‍കിയ പരാതിയിലാണ് നടപടി. ഈയിടെ തീപിടിത്തത്തില്‍ നശിച്ച കെട്ടിടം കോഴിക്കോട് കോര്‍പറേഷന്‍െറയോ മുതവല്ലിയുടെയോ വഖഫ് ബോര്‍ഡിന്‍െറയോ അനുമതിയില്ലാതെ പുനര്‍നിര്‍മാണം നടത്തുകയാണെന്നും പരാതിയിലുണ്ടായിരുന്നു. നിര്‍മാണം തടയാന്‍ മുതവല്ലി വഖഫ് ട്രൈബ്യൂണലില്‍നിന്ന് താല്‍ക്കാലിക നിരോധ ഉത്തരവ് സമ്പാദിച്ചെങ്കിലും അനുസരിച്ചില്ളെന്നും അന്യായക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഇത് പരിഗണിച്ച് കച്ചവടംചെയ്യുന്ന മൂന്നു കടമുറികളുടെയും കാര്യത്തില്‍ സിവില്‍ കേസെടുക്കാന്‍ വഖഫ് ട്രൈബ്യൂണലിനെയും ക്രിമിനല്‍ കേസെടുക്കാന്‍ ഒന്നാം ക്ളാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയെയും സമീപിക്കാമെന്ന് വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എം. ജമാല്‍ നിര്‍ദേശം നല്‍കി. പുതിയ വാടകക്കാരനെ കണ്ടത്തൊന്‍ വഖഫ് ബോര്‍ഡ് മുതവല്ലിക്ക് നിര്‍ദേശം നല്‍കിയെങ്കിലും നസിറുദ്ദീന്‍ എറ്റവുമധികം തുക വാഗ്ദാനം ചെയ്തതായി കാണിച്ച് മുതവല്ലി കഴിഞ്ഞദിവസം വഖഫ് ബോര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മുകള്‍നിലയടക്കം മൂന്നു കടകള്‍ക്കും കൂടി മാസം മൊത്തം 80,000 രൂപ നല്‍കാന്‍ നസിറുദ്ദീനും വഖഫ് കൈകാര്യകര്‍ത്താക്കളും തമ്മില്‍ ധാരണയായത്. നേരത്തെ 8000 രൂപയായിരുന്നു വാടക. പുതിയ വാടകക്കരാര്‍ ഉടന്‍ ഹാജരാക്കാന്‍ ബോര്‍ഡ് മുതവല്ലിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്കാണ് ഒഴിയാത്ത വാടകക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം. വാടക കൂട്ടിക്കൊടുക്കാതെ അനധികൃതമായി തങ്ങുന്നവര്‍ക്ക് രണ്ടുകൊല്ലം കഠിനതടവാണ് ഭേദഗതിപ്രകാരം അനുശാസിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.