ന്യൂഡൽഹി: ഉപഭോക്താക്കളുടെ വിവരങ്ങൾ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാനുള്ള വാട്സ്ആപ് നയത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ ഹരജി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് ജി.രോഹിണിയും ജസ്റ്റിസ് സംഗീതാ ദിഗ്രയുമടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ടെലീകമ്യൂണിക്കേഷൻ വിഭാഗത്തിനും ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും നൊട്ടീസ് അയച്ചിട്ടുണ്ട്. സെപ്തംബർ 14നകം ഇതിന് മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ തീരുമാനം വാട്സ്ആപിെൻറ 2012ലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ദശലക്ഷക്കണക്കിനാളുകളുടെ സ്വകാര്യതയെ അപകടത്തിലാക്കുമെന്നും വാദിച്ച് കർമന്യസിങ് സരീൻ, ശ്രേയാ സേതി എന്ന രണ്ടു വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.
ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കില്ലെന്ന നയമാണ് ഇതുവരെ വാട്സ്ആപ് സ്വീകരിച്ചിരുന്നത്. വിവരക്കൈമാറ്റത്തിലൂടെ വാട്സ്ആപിൽനിന്നും ലഭിക്കുന്ന കോണ്ടാക്ടുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി ഫ്രണ്ട് അഭ്യർഥനയും പരസ്യങ്ങളും വാട്സ്ആപ് ഉപഭോക്താക്കളുടെ ഫേസ്ബുക് വാളിൽ പ്രദർശിപ്പിക്കും. 2014 ലാണ് വാട്സ്ആപിനെ ഫേസ്ബുക് ഏറ്റെടുത്തത്. ലോകത്ത് വാട്സ്ആപിന് 100 കോടി ഉപഭോക്താക്കളാണ് നിലവിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.