ഹനുമന്തപ്പ ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടത് സംഘര്‍ഷമേഖലകളില്‍

ശ്രീനഗര്‍: സമാധാന മേഖലകളേക്കാള്‍ തന്‍െറ സേവനമര്‍പ്പിക്കാന്‍ ഹനുമന്തപ്പ ഇഷ്ടപ്പെട്ടത് സംഘര്‍ഷഭരിതവും വെല്ലുവിളി നിറഞ്ഞതുമായ മേഖലകളിലായിരുന്നെന്ന് സഹപ്രവര്‍ത്തകരുടെ സാക്ഷ്യം. കശ്മീരില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 2002ല്‍ സര്‍വിസില്‍ പ്രവേശിച്ചതുമുതല്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ മേഖലകളില്‍ ജോലിചെയ്യാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു. ആദ്യത്തെ നാലുവര്‍ഷം, കശ്മീരിലെ ഏറ്റവുംവലിയ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലൊന്നായ മഹോറിലായിരുന്നു ഹനുമന്തപ്പ. നിരവധിതവണ തീവ്രവാദിവിരുദ്ധ ആക്രമണങ്ങളില്‍ 33 കാരനായ ഹനുമന്തപ്പ പങ്കെടുത്തു. പിന്നീട് നാല് വര്‍ഷം ചെന്നൈയില്‍ പരിശീലനത്തിലായിരുന്നു. 2010-12 കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്. അസമില്‍ ബോഡോ, ഉള്‍ഫാ തീവ്രവാദികള്‍ക്കെതിരായ നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2015ലാണ് സിയാചിനിലെത്തിയത്.

ഡോട്ടും മിഷയും പിന്നെ 150 സൈനികരും

ന്യൂഡല്‍ഹി: ഡോട്ട്, മിഷ എന്നീ  രണ്ടു നായകളും 150 സൈനികരുമുള്‍പ്പെടുന്ന സംഘത്തിന്‍െറ അവസരോചിത ഇടപെടലില്ലായിരുന്നുവെങ്കില്‍ മറ്റു ഒമ്പത് സൈനികരുടെ വിധിയിലേക്ക് ഹനുമന്തപ്പയും വഴിമാറുമായിരുന്നു. സിയാചിനില്‍ 25അടിയോളം മഞ്ഞിനടിയില്‍ പെട്ടുപോയ ഹനുമന്തപ്പയെ കണ്ടത്തൊന്‍ സഹായിച്ചത് ഈ സംഘമായിരുന്നു. സ്വന്തം സുരക്ഷിതത്വം പോലും വകവെക്കാതെയാണ് അവര്‍  സഹപ്രവര്‍ത്തകനുവേണ്ടി രക്ഷാദൗത്യത്തിനിറങ്ങിയത്.

അത്യന്തം അപകടകരമായ മേഖലയില്‍പോലും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ഇന്ത്യന്‍ സൈനിക ശക്തിയുടെ കരുത്ത് തെളിയിക്കുന്നതാണ് ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ ഈ ദൗത്യം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അപകടകരമായ സിയാചിന്‍ മഞ്ഞുമലയില്‍ സൈനികരുടെ ശത്രുക്കള്‍ വെടിയുണ്ടകളല്ല, മറിച്ച് പ്രവചനാതീതമായ കാലാവസ്ഥയാണ്. കടുത്ത മഞ്ഞുവീഴ്ചയും മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെയത്തെിയ കൊടുംതണുപ്പും മൂലം സാധാരണ ശ്വാസോച്ഛാസം പോലും ബുദ്ധിമുട്ടായ സാഹചര്യമാണിവിടെ. ഇവിടെയാണ് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ ഈ സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്. റഡാറുകളും മറ്റു സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇവര്‍ സൈനികര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടത്തെിയത്. 25 അടിയോളം ആഴത്തില്‍ മഞ്ഞുകട്ടകള്‍ തുരന്നുവേണം സൈനികരെ രക്ഷപ്പെടുത്താന്‍. ഏറെ സൂക്ഷിച്ചുവേണം ഇത് ചെയ്യാന്‍. എന്നല്ല, ഈ മഞ്ഞുകട്ടകള്‍ക്ക് പലപ്പോഴും കോണ്‍ക്രീറ്റിനെക്കാള്‍ കട്ടിയായിരിക്കും.  കനത്ത മഞ്ഞുകാറ്റും ചെറിയ മഞ്ഞിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പലപ്പോഴും ദൗത്യം നിര്‍ത്തിവെക്കേണ്ടിവന്നു.

തിങ്കളാഴ്ചയോടെ തന്നെ, ഹനുമന്തപ്പ കുടുങ്ങിക്കിടക്കുന്ന ഭാഗം സംഘം തിരിച്ചറിഞ്ഞിരുന്നു. ഇതോടെ, ദൗത്യത്തിന്‍െറ വേഗം വര്‍ധിച്ചു. ഈ സമയത്തുതന്നെ, ഡോക്ടര്‍മാരുടെ മറ്റൊരു സംഘം ഒൗട്ട്പോസ്റ്റില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഒപ്പം, രക്ഷാ പ്രവര്‍ത്തനം സുഗമമാക്കാന്‍ വ്യോമസേനയുടെ കോപ്ടറുകളും എത്തി. ഹനുമന്തപ്പ മരിച്ചുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ജീവന്‍െറ നേരിയ തുടിപ്പുകള്‍ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ന്യൂഡല്‍ഹിയിലെ ആര്‍മി റിസര്‍ച് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.