ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിനെതിരെ ദേശദ്രോഹകേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ എൻ.െഎ.എ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. കേസ് അന്വേഷണത്തിന് മേൽനോട്ടം നൽകാൻ ജുഡീഷ്യൽ കമീഷനെ നിയമിക്കണമെന്ന ആവശ്യവും കോടതി തള്ളി.
ജെ.എൻ.യുവിലെ അഫ്സൽ ഗുരു അനുസ്മരണം, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എന്നിവയെക്കുറിച്ച് എൻെഎഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ അഭിഭാഷകനായ രഞ്ജന അഗ്നിഹോത്രിയാണ് ഹൈകോടതിയെ സമീപിച്ചത്.
എൻ.െഎ.എ അന്വേഷണം വേണമെന്ന ആവശ്യം അനവസരത്തിലുള്ളതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഡല്‍ഹി പൊലീസ് കേസ് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ഹരജിക്കാരെൻറ ആരോപണം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദേശവിരുദ്ധ മുദ്രാവാക്യം ഉയർന്നത് വിദ്യാർഥികൾക്ക് പറ്റിയ സ്വാഭാവിക പിഴവാണോ എന്നും അതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
അതേസമയം വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ സർവകലാശാലയിൽ പ്രക്ഷോഭം തുടരുകയാണ്. കനയ്യ കുമാറിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ അഭിഭാഷകരും പൊലീസും ജെഎൻയു വിദ്യാർഥികളെയും അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ച പശ്ചാത്തലത്തില്‍ പ്രക്ഷോഭത്തിന് ശക്തിയേറിയിട്ടുണ്ട്.
ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി അധ്യാപകരും ഒത്തുചേർന്നു. പ്രതിഷേധ സൂചകമായി സർവകലാശാല പരിസരത്ത് ‘ദേശീയത’ യെക്കുറിച്ച് ക്ലാസുകൾ നടത്തുമെന്നും അധ്യാപകർ അറിയിച്ചു. സർവകലാശാല ഭരണ വിഭാഗത്തിന് മുന്നിൽ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്കായിരിക്കും ‘േദശീയത’യെക്കുറിച്ചുള്ള പഠന ക്ലാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.