ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണവും അനുബന്ധ വിഷയങ്ങളും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഡല്‍ഹി പൊലീസ് നേരാംവണ്ണം കേസ് അന്വേഷിക്കുന്നില്ളെന്നുകാട്ടി ലഖ്നോയിലെ അഡ്വ. രഞ്ജന അഗ്നിഹോത്രിയാണ് ഹരജി നല്‍കിയത്. രാജ്യത്തിനു ഭീഷണിയാവുന്ന ഗുരുതര കുറ്റകൃത്യമാണ് കാമ്പസില്‍ നടന്നതെന്നും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ഹരജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, തങ്ങള്‍ രാഷ്ട്രീയക്കാരല്ളെന്നും കാര്യമറിയാതെ എടുത്തുചാടാനാവില്ളെന്നും ക്രമസമാധാനം സര്‍ക്കാര്‍ നോക്കിനടത്തുന്നുണ്ടെന്നും കോടതി പറഞ്ഞു.
ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് പ്രായത്തിന്‍െറ വൈകാരിക അബദ്ധമാണോ ഗൂഢാലോചനയാണോ എന്ന് ഡല്‍ഹി പൊലീസ് അന്വേഷിച്ചുവരുകയാണെന്ന് കേന്ദ്രസര്‍ക്കാറിന്‍െറ അഭിഭാഷകന്‍ അറിയിച്ചു. ആരാണ് വിദ്യാര്‍ഥികളെ ഇളക്കിവിട്ടതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഡല്‍ഹി സര്‍ക്കാറും ബോധിപ്പിച്ചു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ വിശ്വാസം പ്രകടിപ്പിച്ച കോടതി ആവശ്യമെങ്കില്‍ കേസ് സ്വമേധയാ എന്‍.ഐ.എയെ ഏല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.
രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്ത സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന്‍െറ പൊലീസ് കസ്റ്റഡി ഇന്നവസാനിക്കും. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാമ്പസില്‍ പൊലീസിനെ വിളിച്ചുവരുത്തിയതില്‍ പങ്കില്ളെന്ന വൈസ് ചാന്‍സലര്‍ ഡോ. എം. ജഗദേശ് കുമാറിന്‍െറ വാദം പൊളിഞ്ഞു. പൊലീസിന് അനുമതി നല്‍കിയെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. ആവശ്യമെങ്കില്‍ കാമ്പസില്‍ കയറാന്‍ വി.സി അനുമതി നല്‍കി എന്ന് അറിയിച്ച് വാഴ്സിറ്റി രജിസ്ട്രാര്‍ ഫെബ്രുവരി 11നാണ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ക്ക് കത്തുനല്‍കിയത്. പിറ്റേന്നാണ് വന്‍ പൊലീസ് സംഘം കാമ്പസിലത്തെി തിരച്ചില്‍ നടത്തി വിദ്യാര്‍ഥി നേതാവിനെ അറസ്റ്റു ചെയ്തത്. ഇത്തരം ഒരു പൊലീസ് കടന്നുകയറ്റം കാമ്പസിന്‍െറ ചരിത്രത്തില്‍ ഉണ്ടായിട്ടില്ളെന്നും ഇത് സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തിനു ഭീഷണിയാണെന്നും കാണിച്ച് ഡീന്‍മാരുടെ സമിതി വി.സിക്ക് കത്തെഴുതിയിട്ടുണ്ട്.
അതിനിടെ, പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജെ.എന്‍.യു അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ തേര്‍വാഴ്ച അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സുപ്രീംകോടതി മാര്‍ച്ചിന് തൊട്ടുപിറകെയാണ് ഇത്തരമൊരു ഉറപ്പ് സുപ്രീംകോടതി നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്ന് രജിസ്ട്രാറും ഉറപ്പുനല്‍കി.
പട്യാല ഹൗസ് കോടതിയില്‍ ബി.ജെ.പി നേതാക്കളായ ഒ.പി ശര്‍മ എം.എല്‍.എയുടെയും അഡ്വ. വിക്രം സിങ്ങിന്‍െറയും നേതൃത്വത്തില്‍ അഭിഭാഷകരും ഗുണ്ടകളും അടങ്ങുന്ന സംഘം അഴിച്ചുവിട്ട ആക്രമണത്തിനെതിരെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്ദീപ് സര്‍ദേശായി, സാഗരിഗ ഘോഷ്, ബറഖ ദത്ത്, സാബ നഖ്വി, ജാവേദ് അക്തര്‍ തുടങ്ങി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സുപ്രീംകോടതിക്ക് വിളിപ്പാടകലെ ഡല്‍ഹി പൊലീസ് തടഞ്ഞു. തുടര്‍ന്ന് രാജ്ദീപും ബറഖയുമടങ്ങുന്ന മാധ്യമപ്രതിനിധി സംഘം സുപ്രീംകോടതി രജിസ്ട്രാറെ കണ്ട് ആക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിവേദനം കൈമാറി.
തുടര്‍ന്നാണ് ജെ.എന്‍.യുവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പൂര്‍വ വിദ്യാര്‍ഥി എന്‍.ഡി. ജയപ്രകാശ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചത്. നേരത്തെ മാധ്യമപ്രവര്‍ത്തക പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പട്യാല കോടതിയിലെ ആക്രമണം കപില്‍ സിബല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്യദ്രോഹ കേസില്‍ സുപ്രീംകോടതി നീതിപൂര്‍വകമായ വിചാരണ ഉറപ്പുവരുത്തണമെന്നും സിബല്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഡല്‍ഹി പൊലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായാണ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.