ന്യൂഡൽഹി: പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ അഭിഭാഷകർ തന്നെ മർദ്ദിക്കുന്നത് പൊലീസ് നോക്കിനിന്നു എന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിൻെറ മൊഴി. സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക സമിതിക്ക് മുമ്പാകെ കനയ്യ മൊഴി നൽകുന്നതിൻെറ ദൃശ്യങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടു. തന്നെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കനയ്യകുമാർ മൊഴി നൽകി.
കോടതിയുടെ മുന്നിലെത്തിയപ്പോൾ മാധ്യമപ്രവർത്തകർ തൻറെ ചുറ്റും കൂടി. പൊലീസ് കോടതിക്ക് അകത്തേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചപ്പോൾ അഭിഭാഷക വേഷത്തിൽ എത്തിയ ആൾ തന്നെ ആക്രമിച്ചു. അതിന് ശേഷം മറ്റുള്ളവരെയും വിളിച്ചുകൂട്ടി. അവർ എൻെറ വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചു. എല്ലാവരും കൂടി എന്നെ മർദ്ദിച്ചു. നിലത്തിട്ടു ചവുട്ടി. പൊലീസിനും മർദ്ദനമേറ്റു. എന്നെ മർദ്ദിച്ച ഒരാളെ കാട്ടിക്കൊടുത്തെങ്കിലും പൊലീസ് ഒന്നും ചെയ്തില്ലെന്നും കനയ്യ അഭിഭാഷക സമിതിക്ക് മുമ്പാകെ പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനയ്യകുമാറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. മാധ്യമപ്രവർത്തകർക്കും ജെ.എൻ.യുവിലെ അധ്യാപകർക്കും മറ്റ് വിദ്യാർഥികൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതേതുടർന്ന് ഇതിനെ പറ്റി അന്വേഷിക്കാൻ ആറംഗ അഭിഭാഷക സമിതിയെ സുപ്രീംകോടതി നിയോഗിക്കുകയായിരുന്നു. കപിൽ സിബൽ, രാജീവ് ധവാൻ, ദുഷ്യന്ത് ദാവെ, എ.ഡി.എൻ റാവു, അജിത് സിൻഹ, ഹരിൻ റാവൽ എന്നിരാണ് അഭിഭാഷക സമിതിയിലുള്ളവർ. ആക്രമണം സംഘടിപ്പിച്ച അഭിഭാഷകരിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഡിയോ കടപ്പാട്: എൻ.ഡി.ടി.വി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.