ജെ.എന്‍.യു കേസന്വേഷണച്ചുമതല ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്

ന്യൂഡല്‍ഹി: അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നപേരില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ ദേശവിരുദ്ധ കേസിന്‍െറ അന്വേഷണച്ചുമതല ഭീകരവാദക്കേസുകള്‍ അന്വേഷിക്കുന്ന സ്പെഷല്‍ സെല്ലിന്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിലെ വൈഭവം കണക്കിലെടുത്താണ് സ്പെഷല്‍ സെല്ലിന് ചുമതല നല്‍കുന്നതെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി വ്യക്തമാക്കി. കേസില്‍ കേന്ദ്രീകൃത അന്വേഷണം ആവശ്യമുണ്ട്. കേസ് അന്വേഷിക്കുന്ന ലോക്കല്‍ പൊലീസിന് ദൈനംദിന ക്രമസമാധാന ചുമതല നിര്‍വഹിക്കാനുള്ളതുകൊണ്ട് അതിനുകഴിയാത്ത സാഹചര്യമുണ്ടായേക്കാമെന്നും ബസ്സി പറഞ്ഞു.

നേരത്തേ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറാന്‍ പൊലീസ് ശ്രമിച്ചിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കോടതിയില്‍ ഒരു ഹരജിയും എത്തിയിരുന്നു.എന്നാല്‍, തല്‍ക്കാലം ഡല്‍ഹി പൊലീസ് അന്വേഷിച്ചാല്‍ മതിയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതിനിടെ 23ന് രാത്രി അറസ്റ്റ് വരിച്ച ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരുടെ പൊലീസ് കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടി. നേരത്തേ ഏഴു ദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നു ദിവസമാണ് കോടതി അനുവദിച്ചിരുന്നത്.

അതേസമയം, പൊലീസ് സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ഒരു ജെ.എന്‍.യു വിദ്യാര്‍ഥികൂടി ചോദ്യംചെയ്യലിനായി പൊലീസിനു മുമ്പാകെ ഹാജരായി. വിദ്യാര്‍ഥിയൂനിയന്‍ മുന്‍ ഭാരവാഹിയായ അശുതോഷ് കുമാര്‍ ആണ് ആര്‍.കെ പുരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ചടങ്ങിന്‍െറ സംഘാടകരെന്ന് പൊലീസ് കരുതുന്ന രാമനാഗ, അനന്തകുമാര്‍ എന്നിവരും അന്വേഷണത്തില്‍ സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.