ഗുവാഹതി: കലാപത്തിന്‍െറ അലയൊലികളും മുറിവുകളും മാറാത്ത അസമിലെ ജനതക്ക് ആഘോഷമായി സമൂഹവിവാഹം. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയുടെയും ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ കോഴിക്കോടിന്‍െറയും നേതൃത്വത്തിലാണ് അസമിലെ ബോബാട്ടി ജില്ലയിലെ ഹൗളി വില്ളേജിലും ബേജ്പൂരിലും സമൂഹവിവാഹം നടത്തിയത്.
രണ്ടു ഗ്രാമങ്ങളിലുമായി 240 യുവതീയുവാക്കള്‍ കേരളത്തിലെ സുമനസ്സുകളുടെ കാരുണ്യത്തില്‍ പുതിയ ജീവിതത്തിന് തുടക്കംകുറിച്ചു. ഗ്രാമോത്സവത്തിന്‍െറ പ്രതീതിയിലായിരുന്നു വിവാഹങ്ങള്‍. കൊട്ടും പാട്ടുമായി ജനങ്ങള്‍ നിറഞ്ഞമനസ്സോടെ വധൂവരന്മാരെ അനുഗ്രഹിക്കാനത്തെി. മക്കളുടെ ജീവിതത്തിന് പുതിയ അര്‍ഥമുണ്ടായതിന്‍െറ സന്തോഷമായിരുന്നു ഓരോ മാതാപിതാക്കളുടെയും മുഖത്ത്.
വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ഗ്രാമങ്ങളില്‍ തന്നെ നെയ്തെടുത്ത സാരിയും ഷാളും തയ്യല്‍ മെഷീനും സമ്മാനമായി നല്‍കി. വരന്മാര്‍ക്ക് ഷര്‍വാണിയും തൊപ്പിയും ഷാളുമായിരുന്നു സമ്മാനം. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീറുമായ ടി. ആരിഫലി ചടങ്ങില്‍ വധൂവരന്മാരെ ആശീര്‍വദിച്ചു.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ കേരള ചെയര്‍മാന്‍ പി. സുലൈമാന്‍, മമ്മുണ്ണി മൗലവി, അബ്ദുല്‍ സലാം (മലബാര്‍ ഗോള്‍ഡ്), കുഞ്ഞിമൂസ, സുബൈര്‍ ഓമശ്ശേരി, നിഷിത സുലൈമാന്‍ എന്നിവര്‍ കേരളത്തില്‍നിന്ന് ചടങ്ങിനത്തെി. ബേജ്പൂരിലെ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും ആശംസയുമായത്തെി. വിവാഹിതരായ യുവതീയുവാക്കള്‍ അവരവരുടെ ഗ്രാമങ്ങളില്‍ വളന്‍റിയര്‍ സേവനമനുഷ്ഠിക്കുമെന്നും ഇതിനായി പരിശീലനം നല്‍കുമെന്നും കോഓഡിനേറ്റര്‍ നജീബ് കുറ്റിപ്പുറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.