മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന ആരോപണത്തിൽ ഉറച്ച് എ.എ.പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണത്തിൽ ഉറച്ച് ആം ആദ്മി പാര്‍ട്ടി. 1978ല്‍ ഡൽഹി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് എ.എ.പി നേതാവ് അശുതോഷ് പുതിയതായി ഉന്നയിച്ചിട്ടുള്ളത്. മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ചൊവ്വാഴ്ച ഡല്‍ഹി സർവകലാശാല മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ ചോദ്യങ്ങളുടെ എ.എ.പി രംഗത്തെത്തിയത്.

1978ല്‍ ബിരുദം നേടിയ മറ്റാളുകളുടെ സര്‍ട്ടിഫിക്കറ്റുകൾ കൈ കൊണ്ട് എഴുതിയിരിക്കുമ്പോള്‍ മോദിയുടേത് മാത്രം എങ്ങനെയാണ് കമ്പ്യൂട്ടര്‍ അച്ചടിയായതെന്ന് അശുതോഷ് ചോദിച്ചു. കൂടാതെ, മോദിയുടെ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന സര്‍വകലാശാല ലോഗോ ആധുനിക ഫോണ്ടിലുള്ളതാണെന്നും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പഴയ ഫോണ്ടാണെന്നും അശുതോഷ് ആരോപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ഥമാണെന്ന് സ്ഥിരീകരിക്കാൻ സര്‍വകലാശാല ചൂണ്ടിക്കാട്ടിയ വാദങ്ങളെയും ആപ്പ് നേതാക്കൾ ചോദ്യം ചെയ്തു. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് പഴക്കമുള്ള രേഖകള്‍ സൂക്ഷിക്കാറില്ലെന്നാണ് സർവകലാശാല അധികൃതർ മറുപടി നൽകിയത്. എന്നാൽ, കഴിഞ്ഞ ദിവസം മോദിയുടെ സര്‍ട്ടിഫിക്കറ്റുകളും പരീക്ഷാ നമ്പറും റോള്‍ നമ്പറും സ്ഥിരീകരിക്കുകയാണ് രജിസ്ട്രാർ ചെയ്തത്. 1978ല്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ആളുകളുടെ പൂര്‍ണമായ പട്ടിക ആവശ്യപ്പെട്ടാണ് 2015ല്‍ ഗല്‍ഗാലി അപേക്ഷ സമര്‍പ്പിച്ചതെന്നും അശുതോഷ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.