കെജ്രിവാളിന്‍റെ ജാമ്യം തടഞ്ഞ നടപടി: സുപ്രീംകോടതിയിൽ ആശങ്കയറിയിച്ച് 150 അഭിഭാഷകർ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യം തടഞ്ഞ ഡൽഹി ഹൈകോടതിയുടെ നടപടിയിൽ ആശങ്കയറിച്ച് 150 അഭിഭാഷകരുടെ സംഘം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്ത് നൽകി. വിചാരണ കോടതി അനുവദിച്ച ജാമ്യം തടഞ്ഞ ഹൈകോടതി നടപടി ഇതുവരെയില്ലാത്ത കീഴ്വഴക്കമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു. ഡൽഹി ഹൈകോടതിയിലും ജില്ലാ കോടതികളിലുമുള്ള അഭിഭാഷകരാണ് കത്ത് നൽകിയത്.

മദ്യന‍യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ജൂൺ 20ന് റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം, തൊട്ടടുത്ത ദിവസം ഇ.ഡി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. പിന്നാലെ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെ കെജ്രിവാളിന് ജയിലിൽ തുടരേണ്ട സാഹചര്യം ഒരുങ്ങുകയായിരുന്നു.

വിചാരണ കോടതി ജാമ്യം നൽകിയ വിധിന്യായം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുംമുമ്പ് ഹൈകോടതി ഇ.ഡിയുടെ വാദം കേട്ടെന്നും, ഉത്തരവിന്‍റെ പകർപ്പ് കാണാതെ കോടതിക്ക് എങ്ങനെ തീരുമാനം എടുക്കാൻ സാധിക്കുമെന്നും അഭിഭാഷകർ ചോദിക്കുന്നു. വ്യവസ്ഥകളോടെ ജാമ്യം നൽകുന്നതിനെ കോടതി എന്തുകൊണ്ട് എതിർത്തുവെന്നത് വ്യക്തമല്ല. അഭിഭാഷകരുടെ വാദം സ്റ്റേ ഓർഡറിൽ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങളാണ് ഇതെല്ലാം.

ആം ആദ്മി പാർട്ടിയുടെ ലീഗൽ സെല്ലിൽനിന്നുള്ള അഭിഭാഷകർ ഉൾപ്പെടെയാണ് കത്ത് നൽകിയത്. ജാമ്യം നൽകാൻ കാലതാമസം വരുന്നതിലും അഭിഭാഷകർ ആശങ്കയറിയിച്ചു. ഇത് നീതിന്യായ തത്ത്വങ്ങൾക്ക് എതിരാണെന്നും സ്വാതന്ത്ര്യത്തിനുള്ള മൗലികാവശത്തിന്‍റെ നിഷേധമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത്തരം നടപടികൾ കാരണമാകുമെന്നും ഒമ്പത് പേജുള്ള കത്തിൽ പറയുന്നു. അതേസമയം, കെജ്രിവാളിന്‍റെ ജാമ്യാപേക്ഷയിൽ ഇ.ഡിയോടും സി.ബി.ഐയോടും ഹൈകോടതി വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 17നാണ് അടുത്ത വാദം കേൾക്കൽ.

Tags:    
News Summary - 50 lawyers flag 'deep concerns' to Chief Justice on Arvind Kejriwal's bail halt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.