ഭോപാൽ: 700 കോടി രൂപയുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) തട്ടിപ്പ് നടത്തിയ അഞ്ച് പേരെ ഗുജറാത്തിൽ നിന്നും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിൽ മെയ് 25 നാണ് ഇവർ പിടിയിലായത്. കെട്ടിച്ചമച്ച രേഖകളും തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ച് അഞ്ഞൂറോളം വ്യാജ സ്ഥാപനങ്ങളുടെ ശൃംഖലയാണ് ഇവർ സൃഷ്ടിച്ചത്.
സ്ഥാപനങ്ങളുടെ വ്യാജ ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനങ്ങൾ വഴി വ്യാജ ഇൻവോയ്‌സുകൾ നൽകി 700 കോടിയിലധികം രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റാണ് ഇവർ ഉണ്ടാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവിധ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ച ഡിജിറ്റൽ വാലറ്റ് അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ ഇടപാടുകൾ നടത്തിയത്. ഇൻഡോറിലെ സെൻട്രൽ ജി.എസ്.ടി കമ്മീഷണറേറ്റും മധ്യപ്രദേശ് പൊലീസിന്റെ സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. പരമ്പരാഗത ബാങ്കിങ് സംവിധാനം ഒഴിവാക്കാൻ ഒന്നിലധികം ഡിജിറ്റൽ വാലറ്റ് അക്കൗണ്ടുകളിലൂടെ ഇടപാടുകൾ നടത്തുകയായിരുന്നു പ്രതികളെന്ന് സൈബർ സെൽ ഇൻഡോർ യൂനിറ്റ് ഇൻസ്പെക്ടർ റാഷിദ് ഖാൻ പറഞ്ഞു.
പിടിയിലായ പ്രധാന പ്രതിയേയും ഇയാളുടെ അടുത്ത അനുയായിയെയും സി.ജി.എസ്.ടി ഇൻഡോർ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥരും, മറ്റ് മൂന്ന് പേരെ ഇൻഡോറിലെ സൈബർ സെല്ലും ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളുമായി ബന്ധമുള്ള സൂറത്തിലെ വിവിധയിടങ്ങളിൽ നിന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ എന്നിവ പിടിച്ചെടുത്തു. എല്ലാ പ്രതികളും 25 വയസിനും 30നും ഇടയിൽ പ്രായമുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.