ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നീതിന്യായ സംവിധാനം അപ്പാടെ പൊളിച്ചെഴുതുന്നതിന് മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചു. 1860ലെ ഇന്ത്യൻ ശിക്ഷാ നിയമം, 1898ലെ ക്രിമിനൽ നടപടി ക്രമം (ഭേദഗതി 1972), 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയുടെ പേരിലടക്കമാണ് സമൂല മാറ്റങ്ങളാണ് വരുത്തുന്നത്.
ലോക്സഭയിൽ സംസാരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ കാതലായ നിയമത്തിന് പകരം ‘ഭാരതീയ ന്യായസംഹിത’ ബിൽ- 2023’ഉം 1973ലെ ക്രിമിനൽ നടപടി ക്രമത്തിന് പകരം ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’ ബിൽ-2023’ഉം 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ‘ഭാരതീയ സാക്ഷ്യ’ ബിൽ-2023’ഉം അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലുകൾ കൂടുതൽ ചർച്ചക്കായി പാർലമെന്റിന്റെ ആഭ്യന്തര മന്ത്രാലയ സ്ഥിര സമിതിക്ക് വിട്ടു.
നാല് വർഷം നീണ്ട പ്രക്രിയയിൽ, 158 കൂടിയാലോചനകൾക്കൊടുവിലാണ് ക്രിമിനൽ നിയമങ്ങളുടെ പൊളിച്ചെഴുത്ത്. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണപ്രദേശങ്ങളും സുപ്രീംകോടതിയും, 16 ഹൈകോടതികളും, 18 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണപ്രദേശങ്ങളും അഞ്ച് നീതിന്യായ അക്കാദമികളും 22 നിയമ സർവകലാശാലകളും 142 പാർലമെന്റ് അംഗങ്ങളും 270 നിയമസഭാംഗങ്ങളും പൊതുജനങ്ങളും നൽകിയ അഭിപ്രായങ്ങൾ കണക്കിലെടുത്ത ശേഷമാണ് ക്രിമിനൽ നിയമങ്ങൾ മാറ്റുന്നതെന്ന് അമിത് ഷാ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
- ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി) 124 എ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയ ‘ഭാരതീയ ന്യായ സംഹിത’യിൽ അതിന് പകരം അതിനേക്കാൾ കൂടുതൽ കടുത്ത കുറ്റകൃത്യമാക്കി 150ാം വകുപ്പ് ഉൾപ്പെടുത്തി.
- കൊലപാതകക്കുറ്റത്തിനുള്ള ശിക്ഷ ആൾക്കൂട്ട കൊലക്ക് നൽകുന്ന തരത്തിൽ ആൾക്കൂട്ട ആക്രമണം ഏഴ് വർഷം തടവോ ജീവപര്യന്തം തടവോ, വധശിക്ഷയോ ലഭിക്കാവുന്ന പുതിയ കുറ്റകൃത്യമാക്കി.
- ഒളിവിൽ കഴിയുന്ന കുറ്റവാളികളെ അവരുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്യാനുള്ള പുതിയ വകുപ്പ് ശിക്ഷാ നിയമത്തിലുൾപ്പെടുത്തി. ശിക്ഷാ ഇളവ് നൽകുമ്പോൾ വധശിക്ഷ പരമാവധി ജീവപര്യന്തം തടവാക്കിയും ജീവപര്യന്തം തടവ് പരവമാവധി ഏഴ് വർഷമാക്കിയും ഏഴ് വർഷം തടവ് പരമാവധി മൂന്ന് വർഷമാക്കിയും കുറക്കാനേ പാടുള്ളൂ.
- സ്വന്തം വിവരങ്ങൾ മറച്ചു വെച്ച് സ്ത്രീകളുമായി വിവാഹ ബന്ധത്തിലോ ലൈംഗിക ബന്ധത്തിലോ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കി.
- ലൈംഗിക പീഡന കേസുകളിൽ ഇരകളുടെ മൊഴി വിഡിയോ റെക്കോഡിങ് നടത്തണം.
- ഏത് ക്രിമിനൽ കേസിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ പൊലീസ് 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.
- 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ കോടതിക്ക് 90 ദിവസത്തെ സമയം കൂടി നൽകാം.
- കേസ് രജിസ്റ്റർ ചെയ്താൽ പരമാവധി 180 ദിവസത്തിനകം വിചാരണ തുടങ്ങും.
- കോടതി കേസിൽ വാദം
- പൂർത്തിയാക്കി 30 ദിവസത്തിനകം വിചാരണ കോടതി വിധി പറയണം.
- വിചാരണ കോടതി വിധി ഏഴ് ദിവസത്തിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
- ഒരാൾ അറസ്റ്റിലായാൽ പൊലീസ് ആശ്രിതരെ നേരിട്ടും ഡിജിറ്റലായും അറിയിക്കണം.
- അറസ്റ്റ് ചെയ്താൽ പൊലീസ് രേഖാമൂലമോ ഡിജിറ്റലായോ ഉള്ള തെളിവ് നൽകണം.
- ഏഴ് വർഷത്തിൽ കുറയാത്തതടവ് ശിക്ഷയുള്ള എല്ലാ കുറ്റങ്ങൾക്കും ഫോറൻസിക് തെളിവ് നിർബന്ധം.
- ഏഴ് വർഷത്തിലേറെ നീണ്ട കേസ് പിൻവലിക്കാൻ ഇരയുടെ സമ്മതം വേണം.
ഭാരതീയ ന്യായ സംഹിത
- ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 511 വകുപ്പുകൾക്ക് പകരം
- ‘ഭാരതീയ ന്യായ സംഹിത’യിൽ 356 വകുപ്പുകൾ
- 175 വകുപ്പുകൾ ഭേദഗതി ചെയ്തു
- എട്ട് പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തു
- 22 വകുപ്പുകൾ ഇല്ലാതാക്കി
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
- ക്രിമിനൽ നടപടി ക്രമത്തിലെ 478 വകുപ്പുകൾക്ക് പകരം
- ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യിൽ 533 വകുപ്പുകൾ
- ക്രിമിനൽ നടപടി ക്രമത്തിലെ 160 വകുപ്പുകൾ ഭേദഗതി ചെയ്തു
- ഒമ്പത് പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തു
- ഒമ്പത് വകുപ്പുകൾ ഇല്ലാതാക്കി
ഭാരതീയ സാക്ഷ്യ അധിനിയം
- ഇന്ത്യൻ തെളിവ് നിയമത്തിലെ 167 വകുപ്പുകൾക്ക് പകരം
- ‘ഭാരതീയ സാക്ഷ്യ അധിനിയമി’ൽ 170 വകുപ്പുകൾ
- 23 വകുപ്പുകൾ ഭേദഗതി ചെയ്തു
- ഒരു പുതിയ വകുപ്പ് ഉൾപ്പെടുത്തി
അഞ്ച് വകുപ്പുകൾ ഇല്ലാതാക്കി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.