പിതാവിന്റെ മെഴുകുപ്രതിമക്കൊപ്പം വധു വിവാഹവേദിയിൽ

മരിച്ചുപോയ പിതാവി​ന്റെ മെഴുകുപ്രതിമയെ സാക്ഷിനിർത്തി വിവാഹം', നൊമ്പരമായി വധുവിന്റെ കണ്ണീർ -വിഡിയോ

ഹൈദരാബാദ്: ജീവിതത്തിൽ മാതാപിതാക്കളുടെ സ്നേഹലാളനകൾക്ക് നടുവിൽ വളരുകയെന്നതാവും എല്ലാകാലത്തും ഏറ്റവും വലിയ ഭാഗ്യമെന്ന് ഓരോരുത്തരും വിലയിരുത്തു​ന്നത്. ആ വാത്സല്യങ്ങൾക്ക് മധ്യേ വളർന്നുവന്നശേഷം ഭൂമിയിലെ ഏറ്റവും അനവദ്യ സുന്ദരമായൊരു മുഹൂർത്തത്തിൽ അവർ ഒപ്പമില്ലാതായിപ്പോയാൽ..? അടങ്ങാത്ത ദുഃഖഭാരങ്ങൾക്കിടയിൽ പൊടുന്നനെ ജീവസ്സുറ്റപോലെ ആ ഓർമകൾ അന്നേരം മനസ്സിലേക്ക് ഇരച്ചെത്തുന്നതിനുള്ള വഴികൾ നമുക്കുമുന്നിൽ തുറന്നാലോ...കണ്ണീർ നനവിലേക്ക് കാഴ്ചകളെ ആനയിക്കുന്ന അത്തരമൊരു ദൃശ്യമാണ് ​ഇന്റർനെറ്റിൽ ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.

തെലങ്കാനയിലെ വാറങ്കലിൽ തന്റെ പ്രിയ സഹോദരിക്ക് സഹോദരൻ നൽകിയ വിവാഹ സമ്മാനമാണ് കഥയിലെ കേന്ദ്രബിന്ദു. ഒരിക്കലും ഊഹിക്കാൻ പോലുമാവാത്ത അനിതരസാധാരണമായൊരു സമ്മാനമാണ് അയാൾ സഹോദരിക്ക് സർപ്രൈസ് ഗിഫ്റ്റായി സമ്മാനിച്ചത്. അവരുടെ അകാലത്തിൽ അന്തരിച്ചുപോയ പ്രിയപ്പെട്ട പിതാവിന്റെ മെഴുകു പ്രതിമയായിരുന്നു അത്. പെട്ടെന്നൊരു നിമിഷം, പിതാവിന്റെ ജീവൻ തുടിക്കുന്ന മെഴുകു പ്രതിമ കണ്ട് വികാരാധീനയാവുന്ന വധുവിന്റെ സങ്കടങ്ങളാണ് പ്രേക്ഷകരുടെയും നൊമ്പരമായി മാറിയത്.


Full View

മാതാവിനും പ്രതിശ്രുത വരനും ബന്ധുക്കൾക്കുമൊപ്പം വിവാഹം നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കവേയാണ് പിതാവിന്റെ പൂർണകായ പ്രതിമ ഹാളിലേക്കെത്തിയത്. അതുകണ്ടതും കണ്ണീരിലമർന്ന വധുവിന്റെ ​വേദന കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു. ഒപ്പമുള്ള മാതാവും പ്രിയതമന്റെ ജീവസ്സുറ്റ പ്രതിമയുടെ മുന്നിൽ കരച്ചിലടക്കാൻ ഏറെ പാടു​പെട്ടു. പിതാവിന്റെ പ്രതിമയിൽ സ്നേഹചുംബനം നൽകിയ വധു, വിവാഹ ചടങ്ങുകളെല്ലാം 'പിതാവിനെ' സാക്ഷിയാക്കിയാണ് പൂർത്തിയാക്കിയത്. ഫോട്ടോ സെഷനിലും ബന്ധുക്കളുടെ മധ്യത്തിൽ ആ മെഴുകുപ്രതിമ 'നിറഞ്ഞുനിന്നു'.

മൂന്നുമിനിറ്റ് നീളുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചിലർ സഹോദരന്റെ 'സമ്മാന'ത്തെ വിമർശിച്ചിട്ടുമുണ്ട്. വിവാഹശേഷം പ്രതിമ എവിടെ സൂക്ഷിക്കുമെന്നതായിരു​ന്നു ചിലർ ഉന്നയിച്ച സംശയം. 'മോശം ആശയമാണിത്. ഈ പ്രതിമ ഇപ്പോൾ എവിടെ സൂക്ഷിക്കുന്നു? പൂട്ടിയിട്ടിരിക്കുകയാണോ? എല്ലാവർക്കും ഞെട്ടലുളവാക്കുന്നതായി ഇത്. പാവം ഭാര്യ. ആരും അ​വരേക്കുറിച്ച് ചിന്തിച്ചില്ലേ? അവർ അന്ധാളിപ്പിലാണ്ട പോലെയായിരുന്നു. 20 മിനിറ്റിലെ സന്തോഷം, വർഷങ്ങൾ കൊണ്ട് ഉണങ്ങിയ മുറിവുകളെ തിരിച്ചുകൊണ്ടുവരും.'- കമന്റുകളിലൊന്ന് ഇങ്ങനെ.  

Tags:    
News Summary - A Bride Broke Down After Receiving Wedding Gift From Her Brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.